മഞ്ജുമോൾക്ക് ജാമ്യമില്ല; വയോധികയെ മർദ്ദിച്ച മരുമകളെ റിമാൻഡ് ചെയ്തു

കൊല്ലത്ത്: വയോധികയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മരുമകൾ മഞ്ജുമോളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ജുമോള്‍ തോമസിനെ 14 ദിവസത്തേക്ക് റിമാൻഡും ചെയ്തു. ഇന്നലെ അറസ്റ്റ് ചെയ്ത മഞ്ജുവിനെ ഇന്ന് ഉച്ചക്ക് കോടതിയിൽ ഹാജരാക്കിയ സമയത്താണ് ജാമ്യാപേക്ഷ നൽകിയത്. മക്കളെ പരിചരിക്കാൻ ജാമ്യം വേണമെന്നാണ് അപേക്ഷയിൽ പറഞ്ഞത്. ഇത് തള്ളിയ ശേഷമാണ് കോടതി റിമാൻഡ് ചെയ്തത്. മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

പ്ലസ് ടു അധ്യാപികയായ മഞ്ജുമോള്‍ തോമസ് ഭര്‍ത്താവിന്റെ അമ്മ ഏലിയാമ്മയെ മർദ്ദിക്കുന്ന വീഡിയോ ഇന്നലെയാണ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്. ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഏലിയാമ്മ മുറിവുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീടാണ് പരാതി നല്‍കിയത്. മുടിയില്‍ പിടിച്ച് വലിച്ച് നിലത്ത് തള്ളിയിട്ടെന്നും കൈയ്യില്‍ ഷൂസിട്ടു ചവിട്ടിയെന്നുമാണ് ഏലിയാമ്മ പരാതി നല്‍കിയിരിക്കുന്നത്. ഭർത്താവ് ജെയ്‌സിന്റെയും അമ്മ ഏലിയാമ്മയുടെയും ശരീരം മുഴുവൻ മുറിവേറ്റ പാടുകളാണ്. പലതവണ ഇവരെ റൂമിൽ പൂട്ടിയിടുകയും വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. തിരിച്ച് പ്രതികരിച്ചാൽ ഭർത്താവിനെതിരെ വനിതാ കമ്മിഷനിലും പോലീസിലും പരാതി നൽകുമെന്നാണ് ഭീഷണിയെന്ന് വീഡിയോ പുറത്തുവിട്ട കുടുംബസുഹൃത്ത് ശ്യാംകുമാർ.കെ.കുറുപ്പ് നേരത്തെ പറഞ്ഞിരുന്നു. വയോജന സംരക്ഷണ നിയമത്തിലെ വകുപ്പുകളും വധശ്രമം എന്നിവയടക്കം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top