യൂത്ത് കോൺഗ്രസ് അറസ്റ്റ് ചട്ടം ലംഘിച്ച്; അറസ്റ്റിലായവർക്ക് ജാമ്യം, തെളിവുകൾ ഒന്നും ലഭിച്ചില്ലേയെന്ന് കോടതി

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിൽ പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം. ക്രിമിനൽ നടപടി ചട്ടങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമർശിച്ചു. അടൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പ്രതികളെ ക്രിമിനൽ ചട്ടങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുത്ത സ്ഥലത്തെ സ്റ്റേഷനിൽ ഹാജരാക്കാതെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത് ചട്ട വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുവരെ ചോദ്യം ചെയ്തിട്ട് തെളിവുകൾ ഒന്നും ലഭിച്ചില്ലേയെന്നും കോടതി ചോദിച്ചു.

ഇന്നലെ അറസ്റ്റിലായ അഭി വിക്രം, ബിനിൽ ബിനു, ഫെനി നൈനാൻ, വികാസ് കൃഷ്ണൻ എന്നിവർക്കാണ് തിരുവനന്തപുരം സിജെഎം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വരുന്ന നാല് ദിവസം പോലീസ് സ്റ്റേഷനിൽ ഹാജരായി അന്വേഷണവുമായി സഹകരിക്കണം. ഒരു മാസത്തേക്ക് ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പിന്നീടുള്ള ഒരു മാസം ആഴ്ചയിൽ ഒരു ദിവസം സ്റ്റേഷനിൽ ഹാജരാകണം. ഇക്കാലയളവിൽ രാജ്യം വിട്ട് പോകരുതെന്നും കോടതി നിർദേശിച്ചു.

വ്യാജ തിരിച്ചറിയൽ കാർഡ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും നാലാം പ്രതിയായ വികാസ് വിജയ് വ്യാജ രേഖകൾ നിർമിച്ച് നൽകിയതായി സമ്മതിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കൂടാതെ ഫെനി, ബിനിൽ എന്നിവരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ വച്ച് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മ്യൂസിയം പോലീസ് എസ്എച്ച്ഒയ്ക്കാണ് അന്വേഷണ ചുമതല. പ്രതികൾക്ക് വേണ്ടി അഡ്വ. മൃദുൽ ജോൺ മാത്യുവാണ് ഹാജരായത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top