പാനൂർ സ്ഫോടനത്തിൽ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ബോംബ് നിർമാണവുമായി ബന്ധമില്ലെന്നും കേട്ടറിഞ്ഞ് എത്തിയതാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ മൂന്ന് മുതൽ ഏഴ് വരെ പ്രതികളായ ഒ.കെ.അരുൺ, എ. പി.ഷബിൻ ലാൽ, കെ. അതുൽ, സി.സായൂജ്, പി.വി.അമൽ ബാബു എന്നിവരാണ് ജാമ്യ ഹർജി ഫയൽ ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് ബോംബ് നിർമ്മാണത്തിനിടയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. എല്ലാവരും സിപിഎം അനുഭാവികളാണ്. അറസ്റ്റിലായവർ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. എന്നാൽ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഇവർക്ക് ഒരു പങ്കുമില്ലെന്നും, സംഭവം കേട്ടറിഞ്ഞ് അവിടെ എത്തിയവരെയാണ് പോലീസ് കേസിൽ ഉൾപ്പെടുത്തിയതെന്നുമാണ് ഹർജിയിൽ പറയുന്നത്.
പ്രദേശത്ത് നിന്ന് പത്തിലേറെ സ്റ്റീൽ ബോംബുകൾ പോലീസ് കണ്ടെത്തിയിരുന്നു. സ്റ്റീൽ ബോംബ് നിർമ്മിക്കാൻ ചോറ്റ് പാത്രം പോലുള്ള സ്റ്റീൽ പാത്രം വാങ്ങി നൽകിയത് ഷബിൻ ലാൽ ആണെന്നും, അമൽ ബാബു ഗൂഡാലോചനയിൽ പങ്കെടുത്തുവെന്നുമാണ് പോലീസ് നിഗമനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here