മുണ്ടക്കൈയിലെ ബെയ്‌ലി പാലത്തിന് 190 അടി നീളവും 24 ടൺ ശേഷിയും; സിവിലിയൻ ആവശ്യങ്ങൾക്കായി ആദ്യം പാലം നിർമിച്ചത് കേരളത്തിൽ

മുണ്ടക്കൈയിൽ പൂര്‍ത്തിയാകുന്നത് 24 ടൺ ശേഷിയുള്ള ബെയ്‌ലി പാലം. സൈന്യം നിര്‍മിക്കുന്ന 195 അടി നീളമുള്ള പാലത്തിലൂടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും. ഇതിൻ്റെ നിർമാണം പൂർത്തിയായതിന് ശേഷമാകും രണ്ടാം ഘട്ട രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. ദുരന്തഭൂമിയിലേക്ക് കൂടുതൽ യന്ത്രസാമഗ്രികൾ എത്തിച്ച് തിരച്ചിൽ നടത്താൻ ഇതുവഴി സാധ്യമാകും. ഇന്ന് ഉച്ചയോടെ പാലത്തിൻ്റെ പണി പൂർത്തിയാകും.

സാധാരണ 110 അടി നീളമുള്ള ഭാരമുള്ള ബെയ്‌ലി പാലമാണ് രക്ഷാപ്രവർത്തനത്തിനായി നിർമിക്കാറുള്ളത്. വയനാട്ടിൽ 180 അടി നീളം ആവശ്യമായതിനെ തുടർന്നാണ് 190 അടി നീളത്തിൽ പാലം നിർമിക്കുന്നത്. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പും കണ്ണൂരിലെ പ്രതിരോധ സുരക്ഷാ സേനയും (ഡി.എസ്.സി) സഹകരിച്ചാണ് ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമിക്കുന്നത്. കണ്ണൂര്‍ ഡി.എസ്.സിയിലെ ക്യാപ്റ്റൻ പുരൻ സിംഗ് നഥാവത്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഉരുൾപൊട്ടലിൽ തകർന്ന പഴയപാലം പോലെ ഇതും ഉപയോഗിക്കാനാകും. അത്ര ഉറപ്പോടെയാണ് നിർമാണം. ദുരന്താനന്തര പ്രവർത്തനങ്ങൾക്ക് ശേഷം പുതിയ പാലം വരുന്നതുവരെ നാട്ടുകാർക്ക് ബെയ്‌ലി പാലം ഉപയോഗിക്കാൻ സാധിക്കും. ആവശ്യമായ സാമഗ്രികള്‍ ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും വ്യോമസേനയുടെ വിമാനങ്ങൾ വഴി ആദ്യം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു. അവിടെനിന്നും 17 ട്രക്കുകളിലായാണ് വയനാട്ടിലെ ദുരന്തസ്ഥലത്ത് എത്തിച്ചത്.

മുൻകൂട്ടി തയ്യാറാക്കിയ സാമഗ്രികൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താല്ക്കാലിക പാലമാണ് ബെയ്‌ലി പാലം. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്ന ഡോണാൾഡ് ബെയ്‌ലിയുടെ ആശയമായിരുന്നു ഇത് .

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയ്‌ലി പാലം നിർമിച്ചത് 1996 നവംബർ 8 ന് കേരളത്തിലാണ്. പത്തനംതിട്ടയിലെ റാന്നിയിൽ പമ്പാദിക്ക് കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പകരം പാലം നിർമിച്ചത്.

സൈനിക ആവശ്യങ്ങൾക്ക് 1982 ഓഗസ്റ്റിൽ ലഡാക്കിലാണ് ആദ്യമായി രാജ്യത്ത് ബെയ്ലി പാലം നിർമിക്കുന്നത്. 30 മീറ്റർ നീളത്തിൽ നിർമിച്ച പാലം 5,602 മീറ്റർ (18,379 അടി) ഉയരത്തിൽ ഹിമാലയത്തിലെ ദ്രാസ്-സുരു നദികൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബെയ്‌ലി പാലമാണിത്.

ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയേയും ചൂരൽമലയേയും ബന്ധിപ്പിച്ച് ഡി.എസ്.സി നിർമിച്ച താല്ക്കാലിക പാലത്തിലൂടെ 1000 പേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചിരുന്നു. മണിക്കൂറുകളോളം ദുരന്തഭൂമിയിൽ ഒറ്റപ്പെട്ടവരെ ഇതിലൂടെയാണ് രക്ഷപ്പെടുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top