ബലിപ്പെരുന്നാള്‍, ബക്രീദ്, ഈദുല്‍ അദ്ഹ; പേരുകള്‍ പോലെ ആഘോഷങ്ങളും ആഘോഷ ദിവസങ്ങളും പലവിധം; ഗൾഫിൽ ഒരുദിവസം മുൻപേ

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണയില്‍ ലോകം മറ്റൊരു ബലിപ്പെരുന്നാളിന് ഒരുങ്ങുകയാണ്. ആഗോളതലത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ പ്രാര്‍ത്ഥനയോടെയും ആത്മനിഷ്ഠയോടും കൂടിയാണ് ബലിപ്പെരുന്നാൾ ആഘോഷിക്കുന്നത്. ഈദുല്‍ അദ്ഹ എന്ന ഈ ആഘോഷം ഇന്ത്യയില്‍ ബക്രീദ് എന്നാണ് അറിയപ്പെടുന്നത്.

ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍ പോലെ തന്നെ ബലിപ്പെരുന്നാളും പലയിടങ്ങളില്‍ പല ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഇസ്ലാമിക് കലണ്ടറിലെ ദുല്‍ഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്. കേരളത്തില്‍ ബലിപ്പെരുന്നാൾ ജൂണ്‍ 17 തിങ്കളാഴ്ചയാണ് ആഘോഷിക്കുന്നത്. ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപ്പെരുന്നാൾ 16ന് ആഘോഷിക്കും. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ ബലിപ്പെരുന്നാൾ ഈ മാസം 17നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അള്ളാഹുവിനായി തന്റെ മകനെപ്പോലും ബലിയര്‍പ്പിക്കാനുള്ള ഇബ്രാഹിം നബിയുടെ ത്യാഗത്തെയാണ് ഈ ദിവസം അനുസ്മരിക്കുന്നത്. ആളുകള്‍ പ്രാര്‍ത്ഥിക്കുകയും ആടുകളെ ബലിയര്‍പ്പിക്കുകയും ബലിനല്‍കിയ ആടിന്റെ മാംസമോ അതുകൊണ്ടുണ്ടാക്കിയ വിഭവങ്ങളോ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുവെയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഈ വര്‍ഷം ജൂണ്‍ 16നാണ് ബലിപ്പെരുന്നാൾ ആഘോഷിക്കുന്നത്.

ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലിപ്പെരുന്നാൾ. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി സൗദി അറേബ്യയില്‍ ഒരു ദിവസം നേരത്തെയാണ് ബക്രീദ് വരുന്നത്. ലോകത്തെ വിവിധയിടങ്ങളില്‍ വിവിധ ദിവസങ്ങളില്‍ ആഘോഷിക്കുന്നത് പോലെ ആഘോഷങ്ങളിലും വൈവിധ്യങ്ങള്‍ ഉണ്ട്. മധ്യേഷ്യയിലും വടക്കേ ആഫ്രിക്കയിലും ബലിപ്പെരുന്നാൾ ദിവസം പൊതു അവധിയാണ്. രാവിലത്തെ പ്രാര്‍ത്ഥനയോടെയാണ് ആഘോഷം ആരംഭിക്കുക. തുടര്‍ന്ന് ത്യാഗത്തിന്റെ ഓര്‍മ പുതുക്കി മൃഗബലി നടത്തും. ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ബലി നല്‍കേണ്ട മൃഗത്തിന്റെ കൊമ്പുകളില്‍ ആളുകള്‍ മൈലാഞ്ചി പുരട്ടും. ഇത് നല്ല ശകുനമാണ് എന്നാണ് ഇവര്‍ക്കിടയിലെ വിശ്വാസം.

ദക്ഷിണേഷ്യയില്‍ വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയാണ് ബക്രീദ് ആഘോഷിക്കുന്നത്. ബലിപ്പെരുന്നാൾ ദിവസം ബിരിയാണിയും സ്വാദിഷ്ടമായ ഷീര്‍ കുറുമയുമെല്ലാം ഒരുക്കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഒന്നിച്ച് കൂടിയിരുന്നാണ് ഭക്ഷണം കഴിക്കുക. യൂറോപ്പിലും അമേരിക്കയിലും ഇസ്ലാം മതവിഭാഗക്കാര്‍ കൂട്ടായ്മകള്‍ ഒരുക്കിയാണ് ബലിപ്പെരുന്നാൾ ആഘോഷിക്കുന്നത്. അന്നേ ദിവസം വിളമ്പുന്നത് പരമ്പരാഗത ഭക്ഷണമാണ്. ഓരോ കുടുംബങ്ങളും വിഭവങ്ങള്‍ പരസ്പരം കൈമാറുന്നതാണ് മറ്റൊരു രീതി.

മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈദുല്‍ അദ്ഹയെ ഹരി രായ ഹാജി അല്ലെങ്കില്‍ ഹരി രായ ഐദിലദ്ഹ എന്നാണ് വിളിക്കുന്നത്. ഉപവാസവും മൃഗബലിയും പ്രാര്‍ഥനകളും സന്നദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം ആഘോഷത്തിന്റെ ഭാഗമായി നടത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top