ബാലഭാസ്‌കറിന്റെ മരണവും സ്വര്‍ണക്കടത്ത് സംഘങ്ങളും തമ്മിലെന്ത്? സഹായികളെല്ലാം കടത്തുകാരെന്ന് വെളിപ്പെടുന്നു; കുടുംബത്തിന്റെ സംശയം ന്യായം

വയലനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകളുടേയും ദാരുണ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായത് 2018 സെപ്റ്റംബര്‍ 25നായിരുന്നു. ഗുരുതര പരിക്കേറ്റ ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ആറു വര്‍ഷം കഴിഞ്ഞിട്ടും ഈ ദുരന്തത്തിലെ ദുരൂഹത ഒഴിയുന്നില്ല. പോലീസിന്റെ വിവിധ സംഘങ്ങളുടെ അന്വേഷണത്തിലും സിബിഐ അന്വേഷണത്തിലുമെല്ലാം അപകടമരണം എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ബാലഭാസ്‌കറിന്റെ അച്ഛനും അമ്മയും ഇതുവരേയും ഈ വാദം അംഗീകരിച്ചിട്ടില്ല. ഇതിനു കാരണം കുടുംബം ബാലഭാസ്‌കറിന്റെ സഹായികളും സന്തതസഹചാരികളും ഉള്‍പ്പെടുന്ന അതീവ ഗുരുതര സ്വഭാവമുള്ള കേസുകള്‍ തന്നെയാണ്.

അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്റെ ഇടപെടലുകളും മൊഴികളിലെ വൈരുദ്ധ്യവും അന്ന് തന്നെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം അര്‍ജുന്‍ പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് മുന്ന് കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത് കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നത്. മകനെ കൊന്നത് തന്നെയെന്ന് തങ്ങള്‍ക്ക് ഒരു സംശയവുമില്ലെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി ഇന്ന് പ്രതികരിച്ചിരുന്നു. സിബിഐയെ പോലും സ്വാധീനിച്ചു എന്ന ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ സംശയം ന്യായമെന്ന് സംശിക്കാന്‍ നിരവധി ഘടകങ്ങളുണ്ട്. അര്‍ജുന്‍ അപകടത്തിന് പിന്നാലെ നല്‍കിയ മൊഴി വാഹനം ഓടിച്ചത് ബാലഭാസ്‌കറാണ് എന്നാണ്. എന്നാല്‍ അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ഭാര്യ ലക്ഷമി ഇത് നിഷേധിച്ചു. വിവിധ ഘട്ടങ്ങളില്‍ നടന്ന അന്വേഷണത്തില്‍ അര്‍ജുന്‍ പറഞ്ഞത് തെറ്റാണെന്ന് കണ്ടെത്തി. അപ്പോള്‍ അര്‍ജുന്‍ എന്തിന് കള്ളം പറഞ്ഞു എന്നതില്‍ ഇതുവരേയും ഉത്തരം ലഭിച്ചിട്ടില്ല. ഇപ്പോള്‍ തനിക്ക് 1 കോടി നഷ്ടപരിഹാരം ബാലഭാസ്‌കറിന്റെ അച്ഛനും അമ്മയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു കേസും അര്‍ജുന്‍ നല്‍കിയിട്ടുണ്ട്. ഇത് തനിക്കെതിരെ കുടുംബം നീങ്ങുന്നത് തടയാനുള്ള ഭീഷണിയുടെ ഭാഗമെന്നാണ് വിലയിരുത്തുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ കുടുംബം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് രണ്ട് സുഹൃത്തുക്കളെയാണ്. അതില്‍ ഓരാള്‍ ബാലഭാസ്‌കറിന്റെ സന്തതസഹചാരിയും മാനേജറുമായി പ്രവര്‍ത്തിച്ചിരുന്ന വിഷ്്ണു സോമസുന്ദരമാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണക്കടത്ത് ഏകോപിപ്പിച്ചിരുന്ന ആളാണ് വിഷ്ണു എന്ന് കണ്ടെത്തിയത് കേന്ദ്ര ഏജന്‍സിയായ ഡിആര്‍ഐയാണ്. മറ്റൊരാള്‍ ബാലഭാസ്‌കറിന്റെ സഹായിയായ പ്രകാശ് തമ്പിയാണ്. ഇയാളും വിഷ്ണു പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ്. തിരുവനന്തപുരം പള്ളിപ്പുറത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഇവിടേക്ക് നാട്ടുകാരെ കൂടാതെ ആദ്യം എത്തിയത് ഇവരാണ്. ഇത് എന്തിനാണ് എന്നാണ് അച്ഛന്‍ ഉണ്ണി ചോദിക്കുന്നത്.

2019-ല്‍ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഡിആര്‍ഐ ബാലഭാസ്‌കറിന്റെ രണ്ട് ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ പരിശോധനയില്‍ സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഫോണ്‍ അടക്കം എടുക്കാനാണോ ഇവര്‍ അപകട സ്ഥലത്തേക്ക് പാഞ്ഞ് എത്തിയതെന്നാണ് സംശയം. അപകട ശേഷം തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചിരുന്ന ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷമിയേയും ആരുടേയും അനുമതി വാങ്ങാതെ സ്വന്തം നിലയിലേക്കാണ് പ്രകാശ് തമ്പി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ മംഗലാപുരം സ്റ്റേഷനില്‍ എത്തി ബാലഭാസ്‌കറിന്റെ ഫോണുകള്‍ വാങ്ങിയതും പ്രകാശാണ്. ഇത് കുടുംബം ആവശ്യപ്പെട്ടിട്ടും നല്‍കിയതുമില്ല. ഇതെല്ലാം സംശംയം ഉയര്‍ത്തുന്നതാണ്. ഇവരുടെ സ്വധീനത്തില്‍ ബാലഭാസ്‌കറിന്റെ സംഘത്തിലെ പലരും സ്വര്‍ണക്കടത്തില്‍ പങ്കാളിയായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സിബിഐ അടക്കം അന്വേഷിച്ചില്ലെന്ന പരാതിയുണ്ട്. വിഷ്ണുവിന്റെ നുണ പരിശോധന മാത്രം നടത്തി ആരോപണങ്ങളെല്ലാം തെറ്റെന്ന് കണ്ടെത്തുകയാണ് ചെയ്തിരിക്കുന്നത്.

വയോധികരായ ബാലഭാസകറിന്റെ അച്ഛനും അമ്മയും ഇപ്പോഴും നിയമപോരാട്ടത്തിലാണ്. തങ്ങളുടെ മകന്റെ മരണത്തിന് കാരണക്കാരെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട്. എന്നാല്‍ രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐ രണ്ടുതവണ നല്‍കിയ റിപ്പോര്‍ട്ടിലും ദുരൂഹതയില്ല എന്ന പറയുമ്പോള്‍ ഇവര്‍ ഇനി എന്ത് ചെയ്യണം എന്ന് ആലോചിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top