ലക്ഷ്മിയെ ‘പുകച്ചുചാടിച്ച്’ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും; ‘എന്നെ നിശബ്ദയാക്കാൻ ആര്‍ക്കും കഴിയില്ല’

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തുടക്കം മുതലേ പലരും സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പ്രധാന കാരണം അപകട സമയത്ത് കാര്‍ ഓടിച്ച അര്‍ജുന്‍, താനല്ല ഓടിച്ചതെന്ന് കള്ളമൊഴി നല്‍കിയതാണ്. കൂടാതെ ബാലഭാസ്കറിൻ്റെ സന്തത സഹചാരികളായിരുന്ന രണ്ടുപേരുടെ സ്വര്‍ണക്കടത്ത് പശ്ചാത്തലവും ആയിരുന്നു.

ഇതിലൊന്നും വിശീകരണം നല്‍കാനാകാതെ ബാലു പോയതോടെ എല്ലാവരും ഉറ്റുനോക്കിയത് ഭാര്യ ലക്ഷ്മിയെയാണ്. ഭര്‍ത്താവും ഏക മകളും നഷ്ടപ്പെട്ട്, അല്‍പ ജീവന്‍ ബാക്കിയായ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതൊന്നും മനസിലാക്കാതെ പുറത്ത് നിന്ന് ദുരൂഹതകള്‍ ഉന്നയിച്ചവര്‍ പതിയെ പതിയെ ലക്ഷ്മിയെ കൂടി സംശയനിഴലിലാക്കി.

ഇതുകൊണ്ടൊക്കെ തന്നെ മൗനത്തില്‍ ആശ്രയം തേടിയ ലക്ഷ്മി ഇപ്പോള്‍ മനസ് തുറക്കുന്നത് മനോരമ ന്യൂസിന്റെ ക്യാമറക്ക് മുന്നിലാണ്. ബാലഭാസ്‌കറിന്റെ മരണത്തില്‍ അറിയാവുന്ന സത്യങ്ങള്‍ പലതും ലക്ഷ്മി മിണ്ടാത്തത് പേടിച്ചിട്ടാണ് എന്ന ആരോപണത്തെക്കുറിച്ച് ചോദിക്കുന്ന അവതാരകന്‍ ജയമോഹനോട്, തന്റെ മകളുടെയും ഭര്‍ത്താവിന്റെയും മുഖം ഓര്‍ത്താല്‍ ആര്‍ക്കും തന്നെ നിശബ്ദയാക്കാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു.

‘ഞാനൊരു വളരെ സാധാരണക്കാരിയായ സ്ത്രീയാണ്. ഒരാള്‍ക്കും എന്നെ ഭീഷണിപ്പെടുത്തി ഈയൊരു കാര്യത്തില്‍ കള്ളം പറയിക്കാനോ സമ്മര്‍ദം ചെലുത്തി മിണ്ടാതിരിക്കാനോ ഒന്നും പറ്റില്ല. കാരണം എനിക്ക് വേറൊന്നും നോക്കാനില്ലല്ലോ.. എന്റെ ഹസ്ബന്റിന്റെയും മോളുടെയും മുഖം മാത്രം ആലോചിച്ചാല്‍ മതി.’ ഇന്ന് വൈകിട്ട് ആറരക്ക് ടെലികാസ്റ്റ് ചെയ്യുന്ന പ്രോഗ്രാമിന്റെ പ്രൊമോ വീഡിയോ മനോരമ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതില്‍ ലക്ഷ്മി പറയുന്നത് ഇങ്ങനെ.

ജയമോഹന്‍ വീണ്ടും ചോദിക്കുന്നു: ഇപ്പോള്‍ ലക്ഷ്മി എന്തുകൊണ്ട് സംസാരിക്കാന്‍ തയ്യാറാകുന്നു? മറുപടി: “വീഡിയോ വന്നു കഴിയുമ്പോള്‍ വരാന്‍ പോകുന്ന ആദ്യത്തെ ചോദ്യമിതാണ്. എനിക്കതൊക്കെ ആദ്യമേ തന്നെ അറിയാവുന്ന കാര്യമാണ്. പബ്‌ളിക്കില്‍ വന്ന്, ഫേസ്ബുക്ക് പോലെയോ, ഒരു സോഷ്യല്‍ മീഡിയാ കവലയില്‍ വന്ന് വിളിച്ചുകൂവേണ്ടതാണ് ഈ കാര്യങ്ങളെന്ന് എനിക്ക് തോന്നിയില്ല.”

അപകടസമയത്ത് ഇവരുടെ കാര്‍ ഓടിച്ചിരുന്ന അര്‍ജുന്‍ ഈയടുത്ത് മറ്റൊരു സ്വര്‍ണ്ണക്കടത്ത് കേസില്‍ പെട്ടതോടെയാണ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ട് ചിലരും സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരും ലക്ഷ്മിയെ ലക്ഷ്യമിട്ട് വിമര്‍ശനം ഉന്നയിക്കാന്‍ തുടങ്ങിയത്. സഹതാപം ആവശ്യമുള്ള കാലം കഴിഞ്ഞെന്നും, വേണ്ടവിധം ചോദ്യം ചെയ്താല്‍ ലക്ഷ്മിയില്‍ നിന്ന് സിബിഐക്ക് എല്ലാ വിവരങ്ങളും കിട്ടും എന്നുപോലും ചിലര്‍ ചില ചാനലുകളില്‍ പറഞ്ഞു. ബാലഭാസകറിന്റെ കുടുംബവും വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തി.

കേരള പോലീസിന് പിന്നാലെ സിബിഐ രണ്ടുവട്ടം അന്വേഷിച്ച് സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സ്ഥിരീകരിച്ചതാണ്. അര്‍ജുന്‍ കള്ളമൊഴി നല്‍കിയത് അപകട ഇന്‍ഷുറന്‍സായി വന്‍തുക ലക്ഷ്യമിട്ടാണ്. അപകടസ്ഥലത്ത് സംശയകരമായി പലരെ കണ്ടെന്ന് പറഞ്ഞ കലാഭവന്‍ സോബിക്ക് മറ്റു പല ലക്ഷ്യങ്ങള്‍ ആണുള്ളത്. അടുപ്പക്കാര്‍ സ്വര്‍ണ്ണം കടത്തിയത് ബാലഭാസ്‌കര്‍ മരിച്ച് മറ്റു വരുമാന മാർഗങ്ങൾ അടഞ്ഞപ്പോള്‍ ആണ്, അതിന് മുന്‍പല്ല.

ദുരൂഹത ആരോപിക്കുന്നവരുടെ വാദങ്ങള്‍ ഇങ്ങനെ ഒന്നൊന്നായി സിബിഐ പരിശോധിച്ച് തീര്‍പ്പ് ആക്കിയതാണ്. ഇതൊന്നും അറിയാത്ത സാധാരണക്കാര്‍ പോലും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ ലക്ഷ്മിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ പ്രതികരിക്കാതെ തരമില്ല എന്ന അവസ്ഥയില്‍ അവരെത്തി എന്ന് ന്യായമായും അനുമാനിക്കാം.

ബാലഭാസ്‌കറിന്റെ സുഹൃദ് വലയത്തില്‍ പെട്ടിരുന്ന ജയമോഹനോട് ആണ് ലക്ഷ്മി മനസ് തുറക്കുന്നത്. മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസറായ ജയമോഹൻ ചാനലിലെ വാര്‍ത്താ അധിഷ്ഠിത പരിപാടികളുടെ മേല്‍നോട്ട ചുമതലയുള്ള ആളാണ്. കഴിഞ്ഞ കുറച്ചുകാലമായി റേറ്റിംഗില്‍ ഏറെ താഴെ തുടരുന്ന മനോരമയുടെ ഒരു പരിപാടി ഏറെക്കാലത്തിന് ശേഷം പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാകുന്നു എന്ന പ്രത്യേകത ലക്ഷ്മിയുടെ തുറന്നുപറച്ചിലിന് ഉണ്ട്.

2018 സെപ്റ്റംബര്‍ 25നാണ് ഇവർ സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തു ദേശീയപാതയിൽ അപകടത്തിൽ പെട്ടത്. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. രണ്ടുവയസ്സുകാരി തേജസ്വിനി ആദ്യം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിന് മരണത്തിന് കീഴടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top