ആഞ്ഞടിച്ച് ചുള്ളിക്കാട് വീണ്ടും; “സ്വന്തക്കാര്‍ക്ക് വിമാനക്കൂലിവരെ കൊടുക്കും അക്കാദമി”; പ്രസംഗിക്കാൻ ക്ഷണിച്ചാല്‍ ഇനി ചുട്ട മറുപടിയെന്നും കവി

തിരുവനന്തപുരം: സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ പ്രതികരണവുമായി വീണ്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട്. പുതിയ പാഠങ്ങൾ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പ് മുൻപത്തേതിൽ നിന്ന് വ്യത്യസ്തമായി അക്കാദമി നേതൃത്വത്തിനെതിരെ ഒളിയമ്പുകളും നിറഞ്ഞതാണ്. ഇതുവരെ ഉള്ളിലടക്കിയതെല്ലാം വേണ്ടിവന്നാൽ വിളിച്ചുപറയുമെന്നൊരു ടോൺ കൂടിയുണ്ട് ഈ പുതിയ കുറിപ്പിന്. കവിയെ തണുപ്പിക്കാൻ സർക്കാരും അക്കാദമിയും നടത്തിയ അനുനയ നീക്കങ്ങളൊന്നും വിലപ്പോയില്ല എന്ന് തന്നെയാണ് ഇതോടെ വ്യക്തമാകുന്നത്.

കൊച്ചിയിൽ നിന്ന് തൃശൂർ വരെ വണ്ടി വിളിച്ചെത്തി പ്രഭാഷണം നടത്തിയ മടങ്ങിയ തനിക്ക് വെറും 2400 രൂപയാണ് നൽകിയതെന്നും ടാക്സിക്കൂലി കൊടുക്കാൻ കാശ് കയ്യിൽ നിന്നെടുക്കേണ്ടി വന്നുവെന്നും പറഞ്ഞാണ് കഴിഞ്ഞയാഴ്ച ബാലചന്ദ്രൻ ചുള്ളിക്കാട് ആദ്യവെടി പൊട്ടിച്ചത്. ഇപ്പോൾ പുതിയ കുറിപ്പിൽ, മറ്റ് ചിലർക്ക് കയ്യയച്ചുനൽകിയ പ്രതിഫലത്തെക്കുറിച്ച് കൂടി കവി സൂചിപ്പിക്കുന്നു. അതായത്, സ്വജനപക്ഷപാതം എന്ന് വ്യക്തമായി പറയാവുന്ന കാര്യങ്ങൾ. പേരെടുത്ത് പറയുന്നില്ല എന്ന് മാത്രം.

“ഇംഗ്ലീഷിൽ കവിതയെഴുതുന്ന അന്താരാഷ്ട്ര കവികൾക്ക് വിമാനക്കൂലിയും ഉയർന്ന പ്രതിഫലവും പഞ്ചനക്ഷ താമസവും നൽകാം”, എന്ന വരിയിൽ വ്യക്തമായ സൂചനയുണ്ട്. “വേണ്ടപ്പെട്ട കവികൾക്കും പ്രഭാഷകർക്കും ചോദിക്കുന്ന പ്രതിഫലം സംഘാടകർ നൽകിയെന്നു വരും. അതുകണ്ട് അസൂയും ആർത്തിയും മൂത്ത് അലമ്പുണ്ടാക്കരുത്. മിണ്ടാതിരുന്നുകൊള്ളണം.” ചിലതെല്ലാം കൃത്യമായി മനസിലാക്കി തന്നെയാണ് കവി വീണ്ടും രംഗത്തെത്തുന്നത് എന്ന് മനസിലാക്കാം ഈ വരിയിലൂടെ. അതായത് ഇനിയും പ്രകോപിപ്പിച്ചാൽ ഇവിടം കൊണ്ടൊന്നും തീരില്ല എന്ന വ്യക്തമായ സൂചനയാണ്. കഴിഞ്ഞയാഴ്ച ചുള്ളിക്കാട് തുറന്നുവിട്ട ഭൂതത്തെ കുപ്പിയിലാക്കാൻ ശ്രമിക്കുമ്പോഴാണ് ശ്രീകുമാരൻ തമ്പി കൂടി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പക്ഷത്തുള്ളവരെ തന്നെ ഈ മട്ടിൽ എതിരാക്കുന്നത് വലിയ ദോഷം ചെയ്യുമെന്ന് സർക്കാരിന് നല്ല ധാരണയുണ്ട്.

ചുള്ളിക്കാടിന്റെ കുറിപ്പ്:

പുതിയ പാഠങ്ങൾ

ബാലചന്ദ്രൻ ചുള്ളിക്കാട്

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി മലയാളികൾ എന്നെ ചില പാഠങ്ങൾ പഠിപ്പിച്ചു.
അവയെ ഇങ്ങനെ ക്രോഡീകരിക്കാം.

1) പാട്ട്, ഡാൻസ്, മിമിക്രി, തുടങ്ങിയ കലകളിൽ പ്രവർത്തിക്കുന്നവർ മാത്രമേ ഉയർന്ന പ്രതിഫലം അർഹിക്കുന്നുള്ളു.
കവികൾ പ്രതിഫലം ചോദിക്കാൻ പാടില്ല. കാർ വാടകപോലും ചോദിക്കാൻ പാടില്ല. സ്വന്തം ചെലവിൽ ബസ്സിലോ ട്രെയിനിലോ വന്ന് കവിത വായിച്ച് തിരികെ പൊയ്ക്കൊള്ളണം. സംഘാടകർ കനിഞ്ഞ് എന്തെങ്കിലും തന്നാൽ അതു വാങ്ങാം. മുറുമുറുപ്പോ പരാതിയോ പാടില്ല.

2) ഇംഗ്ലീഷിൽ കവിതയെഴുതുന്ന അന്താരാഷ്ട്ര കവികൾക്ക് വിമാനക്കൂലിയും ഉയർന്ന പ്രതിഫലവും പഞ്ചനക്ഷ താമസവും നൽകാം.

3) ഒരു പ്രഭാഷകൻ എന്ന നിലയിൽ ഞാൻ യാതൊരു പ്രതിഫലവും അർഹിക്കുന്നില്ലെന്നു മാത്രമല്ല, കാർവാടകപോലും അർഹിക്കുന്നില്ല. പ്രസംഗിക്കാൻ ഔദാര്യപൂർവ്വം ഒരവസരം നൽകിയതുതന്നെ വലിയ ബഹുമതിയായി കരുതി, സംഘാടകർ തരുന്നതുംവാങ്ങി മിണ്ടാതെ പൊയ്ക്കൊള്ളണം.

4) വേണ്ടപ്പെട്ട കവികൾക്കും പ്രഭാഷകർക്കും ചോദിക്കുന്ന പ്രതിഫലം സംഘാടകർ നൽകിയെന്നു വരും. അതുകണ്ട് അസൂയും ആർത്തിയും മൂത്ത് അലമ്പുണ്ടാക്കരുത്.മിണ്ടാതിരുന്നുകൊള്ളണം.

5) മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം അർഹിക്കുന്നവരല്ല എഴുത്തുകാരും പ്രഭാഷകരും. അവർമാത്രം സ്വന്തം ചെലവിൽ സമൂഹത്തിനു സൗജന്യ സേവനം നൽകിക്കൊള്ളണം.

ഈ പാഠങ്ങൾ എന്നെ പഠിപ്പിച്ച മലയാളികൾക്കു നന്ദി. ഇതിനൊക്കെയുള്ള മറുപടി ഇനി എന്നെ പ്രസംഗിക്കാൻ ക്ഷണിക്കുന്ന മലയാളികൾക്കു കൊടുത്തോളാം. വിട.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top