പിരിവും കഴിഞ്ഞു, തൂണും പണിതു; ജന്മശതാബ്ദി വര്‍ഷത്തിലും ഇ.ബാലാനന്ദന് സ്മാരകമില്ല; വിശദീകരിക്കാതെ സി.പി.എം.
ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട്!! രാഷ്ട്രിയകേരളം മറന്നിട്ടുണ്ടാകില്ല ഈ വാക്ക്. 2000നുശേഷം എസ്എൻസി ലാവലിൻ വിവാദം സജീവമായി ചർച്ച ചെയ്യപ്പെട്ട ഒന്നൊന്നര പതിറ്റാണ്ടുകാലം വാർത്തകളിൽ നിറഞ്ഞു നിന്നതാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന ഇ.ബാലാനന്ദനും അദ്ദേഹം സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ റിപ്പോർട്ടും. ലാവലിന്‍ മുന്‍നിര്‍ത്തിയുള്ള സി.പി.എമ്മിലെ പോരില്‍ ഏറെക്കാലം വി.എസ്.അച്യുതാനന്ദന്‍ പക്ഷത്തിന്റെ പ്രധാന ആയുധമായിരുന്നു ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ദീര്‍ഘകാലം കെ.എസ്.ഇ.ബിയിലെ സി.ഐ.ടി.യു. യൂണിയന്റെ നേതാവായിരുന്നു ബാലാനന്ദന്‍. ആ നിലയില്‍ ഈ വിഷയങ്ങളിലുള്ള പരിചയം കൈമുതലാക്കിയും വിദഗ്ധരുമായി കൂടിയാലോചിച്ചുമാണ്, പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയ കരാറാണ് ഇതെന്ന് ബാലാനന്ദന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചത്. ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഒപ്പിട്ട കരാറിനെക്കുറിച്ചുള്ള ഈ റിപ്പോർട്ട് പുറത്തായത് 2009ൽ ജനശക്തി വാരികയിലൂടെയാണ്.
പാർട്ടിയിൽ ഇത്ര തലപ്പൊക്കം ഉണ്ടായിരുന്ന സഖാവിൻ്റെ പേരിൽ പിരിവെടുത്ത് പണിയാൻ ഉദ്ദേശിച്ച സ്മാരകമാണ് എറണാകുളം കളമശേരിയിൽ വെറും തൂണുകളായി ഇപ്പോഴും തുടരുന്നത്. ഈ വര്‍ഷം ജനുവരി 19 ഇ.ബാലാനന്ദന്റെ ജന്മശതാബ്ദി വാര്‍ഷികമായിരുന്നു. അത് ആഘോഷിക്കാനോ അദ്ദേഹത്തെ ഓര്‍മ്മിക്കാനോ പാര്‍ട്ടി ഒന്നും ചെയ്തില്ല. പക്ഷേ പഴയകാല നേതാക്കള്‍ പങ്കെടുത്ത്, കളമശേരിയില്‍ മാത്രം അന്ന് ബാലാനന്ദന്‍ അനുസ്മരണം നടന്നു. മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കെ.എന്‍. രവീന്ദ്രനാഥായിരുന്നു അനുസ്മരണ പ്രഭാഷണം നടത്തിയത്. തൊഴിലാളികള്‍ സ്‌നേഹത്തോടെ ‘സ്വാമി’ എന്നു വിളിച്ചിരുന്ന ബാലാനന്ദന്റെ ജന്മശതാബ്ദിക്കു സി.പി.എം. പ്രത്യേക പരിപാടികളൊന്നും നടത്താതിരുന്നത് വിഭാഗീയതയുടെ ഭാഗമായിട്ട് ആണെന്ന് വ്യാഖ്യാനമുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും സി.പി.എം. സംസ്ഥാന നേതൃത്വം കാരണമൊന്നും പറഞ്ഞിട്ടില്ല.
ഇതുപോലെ തന്നെ അവഗണനയുടെ കാട്ടുവള്ളി പടര്‍പ്പില്‍ മൂടിക്കിടക്കുകയാണ് ഇ.ബാലാനന്ദന്‍ സ്മാരക മന്ദിരത്തിന്റെ പണിയും. കളമശേരിയില്‍ വാങ്ങിയ 12 സെന്റ് സ്ഥലത്ത് ബാലാനന്ദന്‍ റിസര്‍ച്ച് ഫൗണ്ടേഷൻ എന്ന പേരിൽ 2013ല്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തറക്കല്ലിട്ടു. പിന്നീട് പൈലിങ്ങും നടത്തി. അതിന് അപ്പുറത്തേക്ക് ഒന്നും മുന്നോട്ടുപോയില്ല. ഇ.ബാലാനന്ദനൊപ്പം മുൻമന്ത്രി ടി.കെ.രാമകൃഷ്ണൻ്റെ പേരും ചേർത്ത് സ്മാരകം പണിയുമെന്ന് പ്രഖ്യാപിച്ച് പൊതുജനങ്ങളില്‍നിന്ന് 1.40 കോടി രൂപ പിരിച്ചെടുത്തു. ഇതില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്. പിന്നീട് റിസര്‍ച്ച് ഫൗണ്ടേഷനായി 50 ലക്ഷം രൂപയും ബജറ്റിൽ നീക്കിവച്ചു. എന്നിട്ടും സ്മാരകം വന്നില്ല. കണ്ണൂരിലെ പല രക്തസാക്ഷികള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ സ്മാരകം നിര്‍മ്മിച്ച പാര്‍ട്ടി എന്തുകൊണ്ട് ബാലാനന്ദനെ മറക്കുന്നു എന്നാണ് ചോദ്യം. കഴിഞ്ഞ എട്ടു വര്‍ഷമായി പാര്‍ട്ടി അധികാരത്തിലുണ്ടായിട്ടും തൊഴിലാളി വര്‍ഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവിനെ അവഗണിക്കുന്നതില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്.
സ്മാരകമന്ദിരം ഉയരാത്തതിനെ ചൊല്ലി സി.പി.എം. കളമശേരി ഏരിയാ കമ്മിറ്റിയിലും പലകുറി വിമര്‍ശനം ഉയര്‍ന്നിരുന്നു. ബാലാനന്ദന്റെ ഭാര്യയും സി.പി.എം. മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സരോജിനി ബാലാനന്ദന്‍ സ്മാരക നിര്‍മ്മാണം നീണ്ടു പോകുന്നതിലെ അതൃപ്തി പലവട്ടം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സരോജിനി ബാലാനന്ദനും ലോകത്തോടു വിടപറഞ്ഞു. നാലു പതിറ്റാണ്ട് പോളിറ്റ് ബ്യൂറോ അംഗമായിരുന്ന നേതാവിനോടുള്ള അവഗണനയുടെ കാരണം പോലും പറയാനാവാത്ത അവസ്ഥയിലാണ് സി.പി.എം. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ സ്മാരക നിര്‍മ്മാണം വൈകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നേതാക്കള്‍ ഏറെ വിയര്‍ക്കേണ്ടി വരും. സി.ഐ.ടി.യുവിന്റെ ആദ്യ ദേശീയ സെക്രട്ടറിയായിരുന്നു ബാലാനന്ദന്‍. 1967 മുതല്‍ 1977 വരെ നിയമസഭയിലും 1980-84ല്‍ ലോക്‌സഭയിലും 12 വര്‍ഷം രാജ്യസഭയിലും അംഗമായിരുന്നു. 2009ലാണ് ഇ.ബാലാനന്ദൻ അന്തരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here