സ്വന്തം നാട്ടിൽ നാണംകെട്ട് പാകിസ്താൻ; ഒരു ടീമിനും കഴിയാത്ത ചരിത്രമെഴുതി ബംഗ്ലാ കടുവകൾ

ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്താനെതിരെ ചരിതം കുറിച്ച് ബംഗ്ലാദേശ്. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇടയിലാണ് ബദ്ധവൈരികൾക്ക് എതിരെ ആദ്യ ടെസ്റ്റ് വിജയം ബംഗ്ലാ കടുവകൾ സ്വന്തമാക്കുന്നത്. മുമ്പ് 13 മത്സരങ്ങളിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോൾ 12 എണ്ണത്തിലും പാകിസ്താനായിരുന്നു വിജയം. ഒരെണ്ണം സമനിലയിലായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു സന്ദർശക ടീം പാക്കിസ്താനെ അവരുടെ സ്വന്തം തട്ടകത്തിൽ 10 വിക്കറ്റിന് തോൽപ്പിക്കുന്നതും ആദ്യമായിട്ടാണ്.

റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ ആറു വിക്കറ്റിന് 448 റണ്‍സില്‍ എത്തിയപ്പോൾ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. സൗദ് ഷക്കീലും (141) മുഹമ്മദ് റിസ്‌വാനും ( 171) നേടിയ സെഞ്ച്വറിയാണ് മികച്ച സ്കോറിലെത്താൻ സഹായിച്ചത്. വളരെ വേഗം എതിരാളികളെ ചുരുട്ടിക്കെട്ടാം എന്ന ക്യാപ്റ്റൻ ഷാൻ മസൂദിൻ്റെ മോഹങ്ങൾക്ക് തിരിച്ചടി നൽകി ബംഗ്ലാദേശ് 117ൻ്റെ ലീഡ് സ്വന്തമാക്കി. മുഷ്ഫിഖുർ റഹീമിൻ്റെയും (191) ഷാദ്മാൻ ഇസ്ലാമിൻ്റെയും (93) മികച്ച പ്രകടനമാണ് നിർണായകമായത്. എല്ലാ വിക്കറ്റും നഷ്ടമായെങ്കിലും 565 റൺസാണ് ടീം അടിച്ചുകൂട്ടിയത്.

രണ്ടാം ഇന്നിംഗ്സിൽ വെറും 146 റൺസിന് ആതിഥേയരെ പുറത്താക്കി ബംഗ്ലാദേശ് മത്സരം തങ്ങളുടെ വരുതിയിലാക്കി. നാല് വിക്കറ്റ് നേടിയ മെഹിദി ഹസൻ മിറാസും മൂന്ന് വിക്കറ്റ് നേടിയ ഷക്കീബ് അൽ ഹസനുമാണ് പാകിസ്താനെ എറിഞ്ഞിട്ടത്. 30 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീമിനെ സക്കീർ ഹസനും ഷാദ്മാൻ ഇസ്ലാമും പുറത്താകാതെ 10 വിക്കറ്റ് വിജയത്തിലേക്കും ചരിത്രനേട്ടത്തിലേക്കും നയിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top