കടുവകൾക്ക് വിജയത്തുടക്കം; അഫ്ഗാനെ തകർത്തത് 6 വിക്കറ്റിന്

ധർമ്മശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിന് വിജയത്തുടക്കം. ആറ് വിക്കറ്റിനാണ് ബംഗ്ലാദേശ് മറ്റൊരു ഏഷ്യൻ ടീമായ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ബംഗ്ലാദേശ് അഫ്ഗാനിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു.
ഓപ്പണർ റഹ്മനുള്ളാഹ് ഗുര്‍ബാസാണ് ( 62 പന്തിൽ 47 ) അഫ്ഗാൻ നിരയിലെ ടോപ് സ്കോറർ. 37.2 ഓവറില്‍ വെറും 156 റൺസ് മാത്രമാണ് അഫ്ഗാനിസ്താന് നേടാനായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, മെഹ്ദി ഹസൻ എന്നിവരാണ് അഫ്ഗാനെ തകർത്തത്. ഷോരിഫുൾ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് തകർച്ചയോടെയാണ് തുടങ്ങിയത്. 27 റണ്‍സിനിടെ തന്‍സിദ് ഹസന്‍ ലിറ്റണ്‍ ദാസ് (13) എന്നിവരുടെ വിക്കറ്റുകൾ വീണു. മൂന്നാം വിക്കറ്റില്‍ മെഹിദി ഹസ്സൻ – നജ്മുൾ ഹൂസൈൻ ഷാന്റോ എന്നിവർ 97 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
മെഹിദി ഹസ്സൻ 57 റൺസെടുത്തു പുറത്തായി. പിന്നാലെ വന്ന ഷക്കീബ് അൽ ഹസ്സൻ 14 റൺസെടുത്ത് മടങ്ങി. നജ്മുൾ ഹൂസൈൻ ഷാന്റോ 59 റൺസെടുത്ത് പുറത്താകാതെ ബംഗ്ലാദേശിനെ വിജയത്തിലെത്തിക്കുകയായിരുന്നു. അഫ്ഗാനുവേണ്ടി ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ്, അസ്മത്തുള്ള ഒമർസായ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here