വികാരനിര്‍ഭര കുറിപ്പുമായി ഷെയ്ഖ് ഹസീന; നീതി വേണം; കലാപകാരികളെ ശിക്ഷിക്കണം
ബംഗ്ലദേശില്‍ കലാപം രൂക്ഷമായതോടെ രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കലാപത്തെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ചു. മൂന്ന് പേജുള്ള വികാരനിർഭരമായ കുറിപ്പാണ് പുറത്തുവന്നത്. കലാപത്തില്‍ കൂട്ടക്കുരുതി നടത്തിയവരെ ശിക്ഷിക്കണം എന്നാണ് ഹസീന ആവശ്യപ്പെട്ടത്. ഹസീനയുടെ മകൻ സജീബ് വസേദ് ആണ് കുറിപ്പ് എക്സില്‍ പങ്കുവെച്ചത്.
ബംഗ്ലദേശ് സ്ഥാപകനും തന്റെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ 1975 ഓഗസ്റ്റ് 15-ന് കൊല്ലപ്പെട്ടതിനേക്കുറിച്ച് ഹസീന പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു. ഓഗസ്റ്റ് 15-ന് ദേശീയ ദുഃഖാചരണം മാന്യതയോടും ഗൗരവത്തോടേയും ആചരിക്കണമെന്ന് അഭ്യർഥിക്കുന്നു. “എന്നെപ്പോലെ ഉറ്റവരെ നഷ്ടമായവരെ ഓർത്ത് ഞാൻ സഹതപിക്കുന്നു. എല്ലാ ആത്മാക്കളുടേയും മോക്ഷത്തിനായി പ്രാർഥിക്കുക. പ്രക്ഷോഭത്തിന്റെ പേരില്‍ കഴിഞ്ഞ ജൂലായ് മുതല്‍ കലാപഭരിതമാണ്. നിരവധി ജീവനുകൾ നഷ്ടമായി. ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെ കലാപകാരികൾ അപമാനിച്ചു. എന്റെ രാജ്യത്ത് എനിക്ക് നീതി വേണം.” – ഹസീന ആവശ്യപ്പെട്ടു.
ഹസീന ഇപ്പോള്‍ ഇന്ത്യയിലാണ് ഉള്ളത്. ബ്രിട്ടനില്‍ രാഷ്ട്രീയാഭയത്തിന് ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ബംഗ്ലദേശ് വിട്ടശേഷം പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു കൊലക്കേസില്‍ ഹസീനയ്ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. പോലീസ് നടത്തിയ വെടിവെപ്പിൽ പലചരക്ക് കടയുടമ കൊല്ലപ്പെട്ട സംഭവത്തിലാണ് കേസ്. ഇപ്പോള്‍ മുഹമ്മദ് യുനൂസിന്റെ കീഴിലുള്ള ഇടക്കാല സര്‍ക്കാരിനു കീഴിലാണ് ബംഗ്ലദേശ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here