ബംഗ്ലദേശ് അട്ടിമറിക്ക് പിന്നില്‍ അമേരിക്ക എന്ന് ഷെയ്ഖ് ഹസീന; രാജ്യം വിട്ടത് മൃതദേഹ ഘോഷയാത്ര ഒഴിവാക്കാന്‍
ബംഗ്ലദേശിലെ അട്ടിമറിക്ക് അമേരിക്കയെ നിശിതമായി കുറ്റപ്പെടുത്തുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കത്ത് പുറത്ത്. പ്രക്ഷോഭത്തിനും അട്ടിമറിക്കും പിന്നിൽ യുഎസ് ആണെന്ന് ഹസീന ആരോപിക്കുന്നു. അമേരിക്കയുടെ പ്രശ്നം സെന്റ് മാർട്ടിൻസ് ദ്വീപിന്റെ പരമാധികാരമാണ്. ഇത് യുഎസിന് കൈമാറാനും ബംഗാൾ ഉൾക്കടലിൽ യുഎസ് അപ്രമാദിത്വം തുടരാനും അനുവദിച്ചിരുന്നെങ്കിൽ അട്ടിമറി രാജ്യത്ത് നടക്കില്ലായിരുന്നു എന്നാണ് കത്തിന്റെ ചുരുക്കം.
പ്രക്ഷോഭകാരികൾ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രസംഗം ഒഴിവാക്കി ഹസീന ഇന്ത്യയിലേക്ക് കടന്നത്.
‘‘മൃതദേഹ ഘോഷയാത്ര കാണാൻ താൽപര്യമില്ലാത്തതിനാലാണ് രാജിവച്ചത്. രാജ്യത്ത് ഭരണമാറ്റമുണ്ടാകാൻ യുഎസ് ഗൂഢാലോചന നടത്തി. വിദ്യാർഥികളുടെ മൃതദേഹങ്ങൾക്കു മുകളിലൂടെ അധികാരം പിടിച്ചെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അത് ഞാൻ അനുവദിക്കില്ല. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു. മതമൗലികവാദികളുടെ കൗശലങ്ങളിൽ വീണുപോകരുതെന്ന് രാജ്യത്തോട് അപേക്ഷിക്കുകയാണ്. ഇനിയും ബംഗ്ലദേശിൽ തുടർന്നാൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടേക്കാം.”– പ്രസംഗത്തിൽ ഹസീന ആരോപിച്ചു.
വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവിലാണ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായി നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. സൈന്യം നോക്കുകുത്തിപോലെ തുടര്‍ന്നപ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ കൂട്ടക്കുരുതിക്കും ബലാത്സംഗത്തിനും ഇരയാവുകയും ചെയ്തു. സൈനിക ഹെലികോപ്റ്ററില്‍ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയിലാണ് കഴിയുന്നത്.
അതേസമയം ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാനഡയിൽ പ്രതിഷേധ പ്രകടനം നടന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് ഇടക്കാല സർക്കാരിൻമേൽ സമ്മർദ്ദം ചെലുത്താൻ കനേഡിയൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here