ഇന്ത്യൻ ഏജൻ്റ് എന്നാരോപിച്ച് ജനക്കൂട്ട ആക്രമണം; മറുവശത്ത് മാധ്യമങ്ങൾക്കെതിരെ പ്രതികാരവുമായി യൂനസ് സർക്കാര്‍

ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ ഇന്‍റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസുമായി (ഇസ്‌കോൺ) ബന്ധമുള്ള സന്യാസിമാരുടെ അറസ്റ്റിന് പിന്നാലെ മാധ്യമ സ്ഥാപനങ്ങളും ആക്രമണ ഭീഷണിയിൽ. ബംഗ്ലാദേശിലെ മുതിർന്ന മാധ്യമ പ്രവർത്തകയായ മുന്നി സാഹയെ ആൾക്കൂട്ടം ആക്രമിച്ചു. ഇന്ത്യൻ ഏജൻ്റ് എന്നാരോപിച്ചാണ് ഒരുകൂട്ടം ആളുകൾ സാഹയെ തടഞ്ഞുവച്ച് ആക്രമിച്ചത്. ധാക്കയിലെ ഏക് തകർ ഖബർ (Ek Takar Khabar) എന്ന തൻ്റെ ന്യൂസ്പോർട്ടലിൻ്റെ ഓഫീസിൽ നിന്നും പുറത്തേക്ക് പോകുന്നതിനിടയിലാണ് കാർ തടഞ്ഞ് ആളുകൾ കയ്യേറ്റം ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യത്ത് നിന്ന് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പിന്തുണയ്ക്കുന്ന ആളാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണം. ‘ഇത് എൻ്റെ രാജ്യം കൂടിയാണ്‌’ എന്ന് പറഞ്ഞുകൊണ്ട് മുന്നി സാഹ കയ്യേറ്റത്തെ പ്രതിരോധിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മാധ്യമ പ്രവർത്തകയെ കസ്റ്റഡിയിലെടുത്തു അവിടെ നിന്നും മാറ്റുകയായിരുന്നു.


മുന്നി സാഹയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇന്ന് രാവിലെ വിട്ടയച്ചതായും ധാക്ക പോലീസ് പറഞ്ഞു. ആൾക്കൂട്ടത്തിനിടയിൽ നിന്നും അവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആദ്യം തേജ്ഗാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സാഹയെ പിന്നീട് ധാക്ക ഡിറ്റക്ടീവ് ബ്രാഞ്ച് (ഡിബി) ഓഫീസിലേക്ക് മാറ്റിയതായും പോലീസ് വ്യക്തമാക്കി. അതേസമയം സാഹ നാല് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കവ്‌റാൻ ബസാർ മേഖലയിൽ നിന്നാണ് സാഹയെ രക്ഷപ്പെടുത്തിയത്. ഭാവിയിൽ അറസ്റ്റ് അടക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ മുൻ ജാമ്യം എടുക്കാൻ നിർദേശിച്ചതായും ബംഗ്ലാദേശി വാർത്താ ഏജൻസി ഡെയ്‌ലി ഒബ്‌സർവറും ഡെയിലി സ്റ്റാർ പത്രവും റിപ്പോർട്ട് ചെയ്തു.

Also Read: ‘മാധ്യമങ്ങൾ നുണയൻമാർ, ഇന്ത്യയിൽ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ല’; ആഞ്ഞടിച്ച് ബംഗ്ലാദേശ്


ഷെയ്ഖ് ഹസീനയുടെ സർക്കാരിൻ്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന വ്യാപകമായ അടിച്ചമർത്തലിൻ്റെ ഭാഗമാണ് സംഭവമെന്നാണ് വിമർശനം ഉയരുന്നത്. മാധ്യപ്രവർത്തകർക്കെതിരെ പോലീസ് കേസുകൾ റജിസ്റ്റർ ചെയ്യുകയാണ്. പലരെയും ബംഗ്ലാ വിരുദ്ധരെന്ന് ആരോപിച്ച് ജനക്കൂട്ടം കൈകാര്യം ചെയ്യുന്നതായും പരാതിയുണ്ട്. മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിരവധി മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കിയതായും നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രോതോം അലോ (Prothom Alo), ഡെയ്‌ലി സ്റ്റാർ (Daily Star) തുടങ്ങിയ പ്രമുഖ പത്രങ്ങളുടെ ഓഫീസുകളിലേക്കും പ്രതിഷേധവുമായി ആളുകൾ എത്തിയിരുന്നു.

Also Read: ഹിന്ദു വിരുദ്ധരായ ബംഗ്ലാദേശുകാർക്ക് ഇനി ചികിത്സയില്ലെന്ന് ജെഎൻ റേ ഹോസ്പിറ്റൽ; ചിറ്റഗോങ്ങില്‍ മൂന്ന് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു


കഴിഞ്ഞ തിങ്കളാഴ്ചയാണ് ആ​ത്മീ​യ നേ​താ​വ് ചി​​ൻ​മോ​യ് ദാ​സി​നെ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി ബംഗ്ലാദേശ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹിന്ദു സമൂഹത്തിന്‍റെ റാലിക്കിടെ രാജ്യത്തിൻ്റെ ദേശീയപതാകയെ അവഹേളിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെ വിവിധ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ജനക്കൂട്ടത്തിൻ്റെ ആക്രമണം ഉണ്ടായിരുന്നു. ഇസ്കോൺ മതമൗലീക സംഘടനയാണ് എന്നാണ് ബംഗ്ലാദേശ് സർക്കാരിൻ്റെ ആരോപണം. ജയിലിൽ കഴിയുന്ന ചി​​ൻ​മോ​യ് ദാ​സ് കൃ​ഷ്ണ​ക്ക് ഭക്ഷണവും മരുന്നും പണവും എത്തിക്കാൻ പോയ രണ്ട് ഹിന്ദു സന്യാസിമാരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രുദ്രപ്രോതി കേശബ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർ ദാസ് എന്നിവരാണ് അറസ്റ്റിലായതെന്ന് ചിറ്റഗോങ് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top