ഷെയ്ഖ് ഹസീന രാജിവെച്ചു; സഹോദരിക്കൊപ്പം ഇന്ത്യയിൽ അഭയം തേടിയതായി ബംഗ്ലാ മാധ്യമങ്ങൾ

ബംഗ്ലാദേശിൽ രൂക്ഷമായ കലാപം അടിച്ചമർത്താൻ കഴിയാത്ത സാഹചര്യത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഇവർ രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ. ഭരണവിരുദ്ധ കലാപത്തിൽ ഇന്നലെ മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്.

ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് റെഹാനയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്ന് വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. അവർ ഇന്ത്യയിൽ അഭയം തേടിയതായി ബംഗ്ലാദേശ് മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

ബംഗ്ലാദേശ് സർക്കാരിനെതിരായ വിദ്യാർത്ഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. കഴിഞ്ഞ ദിവസം പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനങ്ങളോട് കലാപം അടിച്ചമർത്താൻ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. അക്രമികളെ ശക്തമായി നേരിടുമെന്ന നിലപാടിലായിരുന്ന ഷെയ്ഖ് ഹസീന സൈന്യം നിസഹകരിച്ചതോടെയാണ് നിലപാട് മാറ്റിയത്. 45 മിനിറ്റിനുള്ളിൽ രാജിവെക്കണമെന്ന നിലപാട് സൈന്യം അറിയിച്ചതോടെയാണ് രാജി.

തലസ്ഥാനമായ ധാക്കയില്‍ ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ രാജ്യത്ത് ഇൻ്റർനെറ്റ് – മൊബൈൽ ഫോണ്‍ സേവനങ്ങളും വിച്ഛേദിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനവും നിർത്തിവെച്ചിരുന്നു. ഇന്നലെ വിദ്യാർത്ഥികളും ഭരണകക്ഷിയായ അവാമി ലീഗിൻ്റെ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുനൂറിലേറെപ്പേർക്ക് പരുക്കേറ്റു. 13 ജില്ലകളിലേക്ക് പടർന്ന സംഘർഷത്തിൽ 14 പോലീസുകാരും കൊല്ലപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top