ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇന്ത്യയ്ക്ക് ഇരട്ടത്താപ്പ് എന്ന് ബംഗ്ലാദേശ്; ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇന്ത്യയിലും അതിക്രമം
ഇന്ത്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ബംഗ്ലാദേശ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതികരണം. ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇന്ത്യയ്ക്ക് ഇരട്ടത്താപ്പ് എന്നാണ് ബംഗ്ലാദേശ് ആരോപണം.
രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദു നേതാവ് ചിൻമോയ് കൃഷ്ണ ദാസിനെ ബംഗ്ലാദേശ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടയിലാണ് ഇടക്കാല സർക്കാരിന്‍റെ നിയമ ഉപദേഷ്ടാവ് ആസിഫ് നസ്‌റുലിന്റെ പ്രതികരണം.
“ഇന്ത്യയിൽ, ന്യൂനപക്ഷ മുസ്ലീം സമുദായത്തിന് നേരെ നിരവധി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാൽ ആ സംഭവങ്ങളിൽ ഇന്ത്യയ്ക്ക് പ്രതികരണമില്ല. ഈ ഇരട്ടത്താപ്പ് അപലപനീയവും പ്രതിഷേധാർഹവുമാണ്.” – ഫെയ്സ്ബുക്ക് പോസ്റ്റില്‍ നസ്രുൾ കുറിച്ചു.
ന്യൂനപക്ഷ സമുദായങ്ങൾക്ക് മെച്ചപ്പെട്ട സുരക്ഷ നൽകാൻ ഇടക്കാല സർക്കാരിന് കഴിഞ്ഞതായി ഭൂരിപക്ഷം ബംഗ്ലാദേശികളും വിശ്വസിക്കുന്നുവെന്ന വോയ്‌സ് ഓഫ് അമേരിക്ക ബംഗ്ലയുടെ സര്‍വേയും അദ്ദേഹം ഉദ്ധരിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തുകയാണ് എന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. ബംഗ്ലാദേശ് ആഭ്യന്തര കാര്യങ്ങളിലുള്ള ഇന്ത്യയുടെ ഇടപെടലിനെ ചെറുക്കണമെന്ന് ആവശ്യപ്പെട്ട് ധാക്ക സർവകലാശാല വിദ്യാർത്ഥികൾ പ്രകടനം നടത്തിയ സാഹചര്യത്തിലാണ് നസ്രുളിന്റെ അഭിപ്രായ പ്രകടനം.
ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങളില്‍ ബംഗ്ലാദേശ് സർക്കാരിനെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here