ബാങ്കില്‍ നിന്നും സ്വര്‍ണം കവര്‍ന്ന മാനേജര്‍ പിടിയില്‍; അറസ്റ്റിലായത് തെലങ്കാനയില്‍ നിന്നും
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചില്‍ നിന്നും 26 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പ്രതി മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായി. തെലങ്കാനയിൽ നിന്നാണ് പ്രതി പിടിയിലായത്. തെലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ കേരളത്തില്‍ നിന്നും എത്തുന്ന പോലീസ് സംഘത്തിന് കൈമാറും. കേരള പോലീസ് തെലങ്കാനയിലേക്ക് തിരിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷമായി വടകര ബ്രാഞ്ചിലെ ചുമതല മധ ജയകുമാറിനായിരുന്നു. ഇയാളെ സ്ഥലം മാറ്റിയപ്പോള്‍ പുതിയ മാനേജര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം തിരിമറി വ്യക്തമായത്. ജയകുമാര്‍ പുതിയ ബ്രാഞ്ചിലെ ചുമതല ഏറ്റെടുത്തതുമില്ല. ഇതോടെയാണ് ബാങ്ക് പോലീസില്‍ പരാതി നല്‍കിയത്. ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങുകയായിരുന്നു.
എന്നാല്‍ സ്വര്‍ണം തിരിമറിക്ക് പിന്നില്‍ സോണല്‍ മാനേജര്‍ ആണെന്നും കാർഷിക വായ്പയുടെ മറവിൽ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേർന്ന് വൻ തട്ടിപ്പ് നടത്തിയത് ഇയാള്‍ ആണെന്നും പറഞ്ഞു ഒരു വീഡിയോ ജയകുമാര്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെക്കുറിച്ചും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നുണ്ട്.
ജയകുമാറിനെ ചോദ്യം ചെയ്‌താല്‍ മാത്രമേ കാര്യങ്ങളില്‍ വ്യക്തത വരുകയുള്ളൂ. അതേസമയം ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്വര്‍ണം പണയം വെച്ചവര്‍ ബാങ്കിലെത്തി കാര്യങ്ങള്‍ തിരക്കിയിരുന്നു. ആര്‍ക്കും സ്വര്‍ണം നഷ്ടമാകില്ലെന്നാണ് ബാങ്ക് അധികൃതര്‍ ഉറപ്പുനല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here