ബാങ്കിൻ്റെ ഭീഷണി: കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്തു; മൃതദേഹവുമായി ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ബന്ധുക്കൾ
കോട്ടയം: അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്തത് ബാങ്കിൻ്റെ ഭീഷണിയെ തുടർന്നാണ് എന്ന ആരോപണവുമായി കുടുംബം. അയ്മനം കുടയംപടി സ്വദേശി കെസി ബിനുവാണ് (50) ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടാണ് ബിനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കർണാടക ബാങ്ക് മാനേജർ പ്രദീപും ബാങ്ക് ജീവനക്കാരനും രണ്ട് മാസം കുടിശിക മുടങ്ങിയതിൻ്റെ പേരിൽ ബിനുവിനെ ഭീഷണിപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാപാര ആവശ്യത്തിന് വേണ്ടി ബിനു 5 ലക്ഷം രൂപ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. ഇതിന് മുമ്പും ബിനു ഇതേ ബാങ്കില്‍ നിന്ന് രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. മാസം 14000 രൂപയാണ് അടവ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാന്‍ സാധിച്ചിരുന്നില്ല.
തുടർന്ന് ബാങ്കിലെ ജീവനക്കാരന്‍ നിരന്തരമായി കടയിലെത്തി ഭീഷണി മുഴക്കിയെന്നും ബാങ്ക് മാനേജർ ഫോണിലൂടെ വിളിച്ച് മോശമായി സംസാരിച്ചെന്നും കുടുംബം പറയുന്നു. മാനേജര്‍ പ്രദീപ് ഇന്നലെ കടയിലെത്തുകയും അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചതായും കടയിലുള്ള തുക വാങ്ങിപ്പോയതായും വിനുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
ബിനുവിന്റെ മൃതദേഹവുമായി ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് കുടുംബത്തിന്റെ നിലപാട്. കര്‍ണാടക ബാങ്കിനെതിരേ കുടുംബം കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here