മക്കളുടെ മാമ്മോദീസ സർട്ടിഫിക്കറ്റ് വൈകിച്ച് വിദേശപഠനം മുടക്കി; വൈദികനെതിരെ നടപടിക്ക് സഭാ കവാടത്തിൽ സത്യഗ്രഹത്തിന് ഒരുങ്ങി കുടുംബം

മാർത്തോമ്മാ സഭയിൽ നിന്ന് രാജിവച്ചതിന് പ്രതികാര നടപടിയെന്ന് ആരോപണം. പത്തനംതിട്ട ചിറ്റാർ സ്വദേശി എബ്രഹാം ദാനിയേൽ എന്ന ഷാജിയാണ് പരാതിക്കാരൻ. വിദേശപഠനത്തിന് ശ്രമിച്ച തൻ്റെ മക്കളുടെ മാമ്മോദീസാ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച് പ്രതികാരത്തിന് ശ്രമിച്ചെന്ന്, മാർത്തോമ്മാ സഭയുടെ ചിറ്റാർ ഇടവക വികാരി റവ. സി കെ കൊച്ചുമോന് എതിരെയാണ് പരാതി. സഭാധ്യക്ഷന് വരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അങ്ങനെ മക്കളുടെ പഠനം മുടങ്ങി. ഈ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് സത്യഗ്രഹം നടത്താൻ ഒരുങ്ങുന്നത്.

ചിറ്റാർ പഞ്ചായത്തിൽ കടക്കെത്ത് വീട്ടിൽ എബ്രഹാം ദാനിയേലും കുടുംബവും 2013 വരെ ചിറ്റാർ സെൻ്റ് പോൾസ് മാർത്തോമ്മ പളളിയിൽ അംഗമായിരുന്നു. വിശ്വാസപരമായ വിയോജിപ്പുകളുടെ പേരിൽ താൻ സഭയിൽ നിന്ന് രാജിവെച്ച് പുതിയൊരു സഭയിൽ അംഗത്വമെടുത്തു. അതിന് ശേഷമാണ് മക്കൾക്ക് വിദേശ പഠനത്തിനുള്ള ആവശ്യത്തിലേക്കായി മാമ്മോദീസാ സർട്ടിഫിക്കറ്റ് വേണ്ടിവന്നത്. മാമ്മോദീസ നടത്തിയത് മാർത്തോമ്മാ സഭയിൽ ആയിരുന്നതിനാൽ ആണ് രേഖക്കായി അവിടെ സമീപിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ എട്ടിന് അപേക്ഷിച്ചിട്ടും അകാരണമായി നീട്ടിക്കൊണ്ടു പോകുകയായിരുന്നു.

മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് ഇടവക വികാരി സർട്ടിഫിക്കറ്റ് തരാത്ത കാര്യം ചൂണ്ടിക്കാട്ടി ഭദ്രാസന ബിഷപ്പിനും സഭാ മേലധ്യക്ഷനും കത്ത് നൽകി. സർട്ടിഫിക്കറ്റിനുള്ള ഫീസ് അടച്ചുകൊള്ളാം എന്ന് അറിയിച്ച് സഭാ മേലധ്യക്ഷനായ തീയഡോഷ്യസ് മാർത്തോമ്മ മെത്രാപോലീത്തയുമായി നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ല. സർട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭിക്കാത്തതു കൊണ്ട് മകൻ്റെ വിദേശപഠനം മുടങ്ങി. തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണ് സഭാധ്യക്ഷരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് എബ്രഹാം ദാനിയേൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

പള്ളിയിൽ നിന്ന് നൽകേണ്ട രേഖ തടഞ്ഞുവച്ചതിൻ്റെ പ്രാഥമിക ഉത്തരവാദിത്തം വികാരിക്ക് ആയതിനാലാണ് അയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് ഇറങ്ങുന്നതെന്ന് എബ്രഹാം ദാനിയേൽ പറയുന്നു. കുടുംബസമേതമാണ് സത്യഗ്രഹം ഇരിക്കുക. ഈ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും സംരക്ഷണം വേണ്ടിവരും. അതിനാലാണ് തിരുവല്ല പോലീസിനെ സമീപിച്ചത്. സാഹചര്യങ്ങൾ വിശദീകരിച്ച് തിരുവല്ല പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ മുൻപാകെ പരാതി നൽകിയതായി എബ്രഹാം ദാനിയേൽ സ്ഥിരീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top