ബാര്‍ക്കോഴയില്‍ മന്ത്രിയുടെ പരാതി മുഖം രക്ഷിക്കാനോ; ആകെയുള്ള തെളിവ് ബാറുടമ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം മാത്രം; ക്രൈംബ്രാഞ്ചിന് മുന്നില്‍ വെല്ലുവിളികള്‍ മാത്രം
തിരുവനന്തപുരം: ബാര്‍ക്കോഴയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒപ്പം സംശയങ്ങളും ഉയരുന്നു. വിവാദത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കുക എന്നതിലപ്പുറം ഈ അന്വേഷണത്തിന് മറ്റെന്തെങ്കിലും ഗൗരവമുണ്ടോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബിജെപി പ്രവേശന വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ നല്‍കിയ പരാതി ലക്ഷ്യം കാണാതെ അടയുകയാണ് ചെയ്തത്. ഈ പരാതിക്ക് വന്ന അതേ ഗതി തന്നെ ഒരു പക്ഷെ മന്ത്രി എം.ബി.രാജേഷ് നല്‍കിയ പരാതിക്കും വന്നേക്കും. ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ശബ്ദസന്ദേശം വെളിയില്‍ വന്നതില്‍ ഗൂഡാലോചന ഉണ്ടെന്ന് ആരോപിച്ചാണ് മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
രണ്ടര ലക്ഷം നല്‍കണം എന്നാവശ്യപ്പെട്ട് ബാറുടമകളുടെ അസോസിയേഷന്‍ നേതാവ് അനിമോൻ ഇടുക്കിയിലെ ബാര്‍ ഉടമകള്‍ക്ക് നല്‍കിയ ശബ്ദസന്ദേശം മാത്രമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കയ്യിലുള്ളത്. പണം വാങ്ങിയതിനോ കൊടുത്തതിനോ തെളിവില്ല. ശബ്ദസന്ദേശത്തിന്റെ കാര്യത്തില്‍ അനിമോന് എന്തെങ്കിലും പറഞ്ഞ് ഒഴിയാന്‍ കഴിയും.
കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ കൈക്കൂലി വാങ്ങിയതിന് തെളിവ് വേണം. ഗൂഡാലോചന ആണെങ്കിലും അതിനും തെളിവ് വേണം. യുഡിഎഫ് സര്‍ക്കാരിനെ താഴത്തിറക്കുന്നതില്‍ ബാര്‍ക്കോഴ വിവാദം വലിയ പങ്ക് വഹിച്ചതിനാല്‍ ഇനിയും അത്തരമൊരു വിവാദം കൊണ്ടുവരാന്‍ ബാര്‍ ഉടമകളും താത്പര്യം കാണിക്കില്ല. അനുബന്ധ തെളിവുകളില്ലെങ്കിൽ കേസ് നിലനിൽക്കില്ല. തെളിവുകള്‍ ഇല്ലാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ക്രൈംബ്രാഞ്ച് സംഘത്തിന് കഴിയില്ല. ഇതുകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നത്.
ഓരോ ബാര്‍ ഉടമയും രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്ന് ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് അനിമോന്‍റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് വീണ്ടും ബാര്‍ക്കോഴ വിവാദം ചൂടുപിടിച്ചത്. സംസ്ഥാന എക്സിക്യുട്ടീവ് യോഗം കൂടിയ ശേഷം പ്രസിഡന്‍റിന്‍റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന്‍ വ്യക്തമാക്കുന്നുണ്ട്.
ബാര്‍ക്കോഴ പ്രതിപക്ഷം ഏറ്റെടുത്തതോടെയാണ് സിപിഎമ്മും പ്രതിരോധവുമായി രംഗത്തിറങ്ങിയത്. എക്സൈസ് മന്ത്രി എംബി രാജേഷ് ഡിജിപിക്ക് നല്‍കിയ പരാതി ഇതിന്റെ ഭാഗമാണ്. മന്ത്രി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here