അസാദിൻ്റെ പതനം ഡൽഹിക്കും തിരിച്ചടി; ഡമാസ്കസിലെ നെഹ്‌റു സ്ട്രീറ്റ് മുതൽ കശ്മീർ വരെ.. ഇന്ത്യ-സിറിയ ബന്ധത്തിന് എന്ത് സംഭവിക്കും
സിറിയയിൽ ബഷാർ അൽ അസാദിനേറ്റ തിരിച്ചടി ഇന്ത്യക്ക് വെല്ലുവിളിയാകുമെന്ന് റിപ്പോർട്ടുകൾ. സിറിയയിലെ ഐഎസ്ഐഎസ് (ISIS) അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് ബഷാർ അൽ അസാദിൻ്റെ പതനം വഴിതുറക്കുമോ എന്നതാണ് ഇന്ത്യയുടെ എറ്ററും പ്രധാന ആശങ്ക. ഐസിസ് ഉൾപ്പെടെയുള്ള ഇത്തരം ഗ്രൂപ്പുകളുടെ പുനരുജ്ജീവനം ഇന്ത്യക്ക് നേരിട്ടുള്ള സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ കാലം മുതൽ ഇന്ത്യയുമായി മികച്ച ബന്ധം നിലനിർത്താനായിരുന്നു സിറിയ ആഗ്രഹിച്ചിരുന്നത്. 54 വർഷം മുമ്പ് ഹഫീസ് അൽ അസാദ് അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ശേഷവും ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നീട് അധികാരത്തിൽ എത്തിയ ഹഫീസിൻ്റെ മകൻ ബഷാറുമായി ഇന്ത്യ നല്ല സൗഹൃദം തുടർന്നിരുന്നു. ഇന്ത്യയും സിറിയയും ഏഴു വർഷം മുമ്പ് നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കി.
ഡമാസ്കസിലെ ചരിത്രപ്രസിദ്ധമായ ഉമ്മയാദ് സ്‌ക്വയറിലെ ഒരു തെരുവിന് ‘ജവഹർലാൽ നെഹ്‌റു സ്ട്രീറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇങ്ങനെയാണ് ഇന്ത്യയോടുള്ള ആദരവ് ബഷാർ അൽ അസാദിൻ്റെ കാലത്ത് സിറിയ പ്രകടിപ്പിച്ചത്. അസാദിൻ്റെ പലായനത്തിലൂടെ ഇന്ത്യ -സിറിയ ബന്ധത്തിൻ്റെ ഭാവി എന്തെന്ന ചോദ്യമാണ് ഉയരുന്നത്.
1957ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അമേരിക്കയിലേക്കുള്ള യാത്രാമധ്യേ സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ താല്ക്കാലികമായി വിമാനം ഇറങ്ങിയിരുന്നു. അന്നത്തെ സിറിയൻ പ്രസിഡൻ്റ് അൽ ഖുവാത്‌ലി നേരിട്ട് വിമാനത്താവളത്തിലെത്തി നെഹ്രുവിനോടും ഇന്ത്യയോടും ആദരവ് പ്രകടിപ്പിച്ചു. പിന്നീട് അസാദുകളുടെ ഭരണത്തിൽ ഇന്ത്യയുമായുള്ള ബന്ധം വളർന്നു. ഇന്ത്യയുടെ നിലപാടുകളെയെല്ലാം സിറിയ വലിയ രീതിയിൽ പിന്തുണച്ചു. കശ്മീർ വിഷയത്തിലുള്‍പ്പെടെ ഇന്ത്യക്ക് പൂർണ പിന്തുണയാണ് മുസ്ലിം ഭൂരിപക്ഷ രാജ്യം നൽകിയിരുന്നത്. പല ഇസ്ലാമിക രാഷ്ട്രങ്ങളും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ്റെ നിലപാടിന് ചുറ്റും അണിനിരന്നപ്പോൾ ഇന്ത്യയുടെ പരമാധികാരത്തിന് പിന്തുണ നൽകിയ സിറിയ പലപ്പോഴും വേറിട്ട ശബ്ദമായി മാറി.
2019 ൽ ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോഴും സുന്നി ഭൂരിപക്ഷ രാഷ്ട്രമായ സിറിയ അനുകൂലിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്ന് വിശേഷിപ്പിച്ച് സിറിയയുടെ പ്രതിനിധിയായിരുന്ന റിയാദ് അബ്ബാസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. “എല്ലാ സർക്കാരുകൾക്കും സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനായി, അവരുടെ ഭൂമിയിൽ അവർക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാൻ അവകാശമുണ്ട്. ഇന്ത്യയുടെ ഏത് നടപടിക്കൊപ്പം എപ്പോഴും ഞങ്ങളുണ്ടാകും…” – എന്നായിരുന്നു സിറിയയുടെ നിലപാട്. ഇങ്ങനെ ഇന്ത്യയെ പരിപൂർണമായും പിന്തുണച്ച ഒരു ഭരണകൂടത്തിൻ്റെ പതനത്തെ ആശങ്കയോടെയാണ് കേന്ദ്ര സർക്കാർ നോക്കിക്കാണുന്നത്.
തിരിച്ചും സിറിയയേയും ഇന്ത്യ പലഘട്ടത്തിലും അനുകൂലിച്ചിട്ടുണ്ട്. ഇസ്രയേലിൻ്റെ കൈവശമുള്ള ഗോലാൻ കുന്നുകളെക്കുറിച്ചുള്ള അവകാശവാദങ്ങളെ ഇന്ത്യ ചരിത്രപരമായി പിന്തുണച്ചിട്ടുണ്ട്. 2010ൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ഡമാസ്‌കസ് സന്ദർശിച്ച് ആ നിലപാട് ആവർത്തിച്ചിരുന്നു. സമാധാനപരമായി ഗോലാൻ കുന്നുകൾ സിറിയുടെ ഭാഗമാക്കുന്നതിന് എല്ലാ പിന്തുണയും അന്ന് പ്രതിഭാ പാട്ടീൽ നൽകിയിരുന്നു. അടൽ ബിഹാരി വാജ്പേയ്, ഡോ. മൻമോഹൻ സിംഗ് സർക്കാരുകളുടെ കാലത്ത് മികച്ച ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായിരുന്നത്. 2023 ൽ സിറിയ സന്ദർശിച്ച വാജ്പേയ് വ്യവസായ- വിദ്യാഭ്യാസ കരാറുകൾ ഒപ്പിടുകയും ചെയ്തിരുന്നു. 2008 ൽ ബഷാർ അൽ അസാദും ഇന്ത്യ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബഷാറുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന ചർച്ചകളും നടത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here