മിനിമമൊരു കൊലപാതകം നിന്നെക്കൊണ്ട് ഞാൻ ചെയ്യിക്കുമെടാ… ബേസിലിൻ്റെ വേറിട്ട ശബ്ദം; ‘പൊന്മാൻ’ തീയറ്ററുകളിലേക്ക്

സംവിധായകനായി അരങ്ങേറ്റം കുറിച്ച് മലയാള സിനിമയിൽ വ്യക്തമായൊരിടം പിടിച്ച ബേസിൽ ജോസഫിന് പക്ഷെ ഇപ്പോഴാ സംവിധായക കുപ്പായം എടുത്തണിയാൻ പോലും നേരമില്ല. 2021ലെ സൂപ്പർ ഹിറ്റ് മിന്നൽ മുരളിക്ക് ശേഷം ഒറ്റ ചിത്രം ചെയ്തില്ല. അത്രക്കാണ് അഭിനയ ഓഫറുകൾ. ഒന്നൊന്നായി വിജയചിത്രങ്ങൾ വച്ചടിവച്ച് വന്നപ്പോൾ ബേസിലെന്ന നടൻ്റെ താരമൂല്യം ഉയരുകയാണ്. ജാനെ മന്നും, ജയജയജയ ഹേയും, ഫാലിമിയും, ഗുരുവായൂരമ്പല നടയിലും, നുണക്കുഴിയും, സൂക്ഷ്മദർശിനിയുമെല്ലാം പിന്നിട്ടുവരുന്ന താരത്തിൻ്റെ വേറിട്ടൊരു റോളാണ് പൊന്മാനിലേത്.

മിനിമം നിന്നെക്കൊണ്ട് ഞാനൊരു കൊലപാതകം ചെയ്യിക്കുമെടാ…. പുറത്തുവന്ന ട്രെയിലറിൻ്റെ ഹൈലൈറ്റ് ബേസിൽ കഥാപാത്രത്തിൻ്റെ ഈ ഡയലോഗാണ്. ഇതുവരെ ചെയ്തതിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു ത്രില്ലർ മോഡിലാണ് ചിത്രമെന്ന് വ്യക്തം. ആവേശം ഫെയിം സജിൻ ഗോപു ആണ് ബേസിലിൻ്റെ എതിരെ വരുന്ന വില്ലൻ സ്വഭാവമുള്ള കഥാപാത്രം ചെയ്യുന്നത്. ആജാനബാഹുവായ സജിനും ബേസിലും തമ്മിലുള്ള ഫൈറ്റ് കോമ്പിനേഷനുകൾ അതീവ ഉദ്വേഗം സൃഷ്ടിക്കുന്നതാണ്. പൊന്നിൻ്റെ പേരിലുള്ള കലഹമാണ് കേന്ദ്രബിന്ദു.

ജി ആര്‍ ഇന്ദുഗോപൻ്റെ ‘നാലഞ്ചു ചെറുപ്പക്കാര്‍’ എന്ന നോവലാണ് ‘പൊന്മാൻ’ ആയത്. കുമ്പളങ്ങി നൈറ്റ്‌സ് മുതൽ ഭ്രമയുഗം വരെയുളള സിനിമകളുടെ കലാസംവിധായകനായ ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൊല്ലത്തിൻ്റെ തീരപ്രദേശത്തെ ഒരുസംഘം ചെറുപ്പക്കാരുടെ ജീവിതമാണ് നോവൽ പറയുന്നത്. മിന്നൽ മുരളിക്ക് തിരക്കഥ ഒരുക്കിയ ജസ്റ്റിന്‍ മാത്യു, ഇന്ദുഗോപനൊപ്പം ചേർന്നാണ് നോവലിന് തിരക്കഥാരൂപം ഒരുക്കിയത്. ബേസിൽ ജോസഫിനെയും സജിനെയും കൂടാതെ ലിജോമോൾ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും പ്രധാന റോളുകൾ ചെയ്യുന്നുണ്ട്.

കൊല്ലത്തും പരിസരങ്ങളിലും താമസിച്ച്, പ്രദേശത്തുള്ളവരുടെ ജീവിതരീതികളും ജോലിയും നിരീക്ഷിച്ച് പഠിച്ചാണ് താരങ്ങൾ സിനിമക്കായി തയ്യാറെടുത്തത്. കഥ കേട്ടശേഷം കൊല്ലത്തെത്തിയ ലിജോമോൾ, പത്തു ദിവസത്തിലേറെ അവിടെ താമസിച്ച് പല ആളുകളുമായി ഇടപഴകി. പിന്നീട് പുതിയ ആൾക്കാർക്കായി നടത്തിയ വര്‍ക്ക്‌ഷോപ്പിലും പങ്കെടുത്തു. സജിൻ ഗോപു 10 ദിവസം മുൻപേ എത്തി വള്ളം തുഴയാന്‍ പഠിച്ചു. കായലിലെ മീന്‍പിടിത്തം, ചെമ്മീന്‍കെട്ടിലെ പണികൾ എന്നിവയെപ്പറ്റി ആളുകള്‍ക്കൊപ്പം നടന്നുപഠിച്ചു. കൊല്ലത്തുള്ള പുതിയ നടന്മാരും സെറ്റിൽത്തന്നെ ഉണ്ടായിരുന്നു. അത്തരം കൂട്ടായ്മയിലാണ് സിനിമ പൂർത്തിയായതെന്ന് സംവിധായകൻ ജോതിഷ്പ ശങ്കർ പറയുന്നു.

അജിത് വിനായക ഫിലിംസ് ആണ് നിർമാണം. കഴിഞ്ഞ വർഷം മികച്ച അഭിപ്രായം നേടിയ ‘ഗഗനചാരി’ക്ക് ശേഷം കമ്പനി റിലീസ് ചെയ്യുന്ന ചിത്രമാണിത്. നോവൽ സിനിമയാക്കുമ്പോൾ അത്യാവശ്യമായി വേണ്ട ചില സാങ്കേതിക മാറ്റങ്ങളേ വരുത്തിയിട്ടുള്ളൂ എന്ന് സംവിധായകൻ പറയുന്നു. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ്. കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി, ജോസഫ്, കാര്‍ബണ്‍, ഭ്രമയുഗം തുടങ്ങി അമ്പതിലേറെ സിനിമകൾക്ക് കലാസംവിധാനം ചെയ്തിട്ടുണ്ട് ജോതിഷ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top