എല്ലാം ചെയ്തത് താൻ; മന്ത്രി ഓഫിസിനെതിരായ വിവാദത്തിൽ ബാസിതിൻ്റെ കുറ്റസമ്മതമൊഴി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫിസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് എഐഎസ്എഫ് നേതാവ് ബാസിതിന്റെ കുറ്റസമ്മതമൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് മൊഴി നൽകി. അഖില്‍ മാത്യുവിന് നല്‍കിയെന്ന് പറഞ്ഞ ഒരു ലക്ഷം രൂപ തട്ടിയെടുത്തത് ബാസിതാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന ആരോപണം വ്യാജമാണ്. തന്റെ നിര്‍ദ്ദേശത്തിലാണ് ഹരിദാസന്‍ അങ്ങനെ ആരോപണം ഉയർത്തിയത്. ആരോഗ്യമന്ത്രിയുടെ ഓഫീസിനെ സംശയമുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങൾ പരാതിയില്‍ എഴുതിച്ചേര്‍ത്തതും താനാണെന്ന് ബാസിത് പോലീസിന് മൊഴി നൽകി.

അതേ സമയം കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പോലീസ് നിയമോപദേശം തേടി. ഹരിദാസന്റെ രഹസ്യമൊഴിയും ഇന്ന് രേഖപ്പെടുത്തി.നാളെ കസ്റ്റഡി അപേക്ഷ നല്‍കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇന്ന് ബാസിതിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top