‘അടിച്ചാല്‍ വിപ്ലവം വരില്ല’; സിപിഎമ്മുകാര്‍ മാത്രം വോട്ട് ചെയ്‌താല്‍ ഭരണം കിട്ടില്ലെന്ന് ജി.സുധാകരന്‍

ആലപ്പുഴ: മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് കൂടി സ്വീകാര്യരായില്ലെങ്കില്‍ നിയമസഭയില്‍ എങ്ങനെ ജയിക്കുമെന്നും അദ്ദേഹം ചോദിച്ചു. പൂയപ്പിള്ളി തങ്കപ്പന്‍ രചിച്ച ‘സരസകവി മുല്ലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ കവിതയിലെ പോരാട്ടവീര്യം’ പുസ്തക പ്രകാശനത്തിനിടയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

“അഞ്ചാറു പേര്‍ മാത്രം കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ? അങ്ങനെ പാര്‍ട്ടി വളരുമെന്നാണ് ചിലര്‍ കരുതുന്നത്. അത് തെറ്റാണ്. അറിയാവുന്നത് കൊണ്ടാണ് പറയുന്നത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് സ്വീകാര്യരാവുന്നില്ലെങ്കില്‍ നിയമസഭയില്‍ എങ്ങനെ ജയിക്കും? മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്‌താല്‍ ജയിക്കാന്‍ പറ്റുമോ? കണ്ണൂരില്‍ എവിടെയെങ്കിലും ഉണ്ടായേക്കും. ആലപ്പുഴയില്‍ എങ്ങുമില്ല. മറ്റുള്ളവര്‍ക്ക് കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്” എന്നാണ് സുധാകരന്‍ പറഞ്ഞത്.

ഇത് രണ്ടാം തവണയാണ് സുധാകരന്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന ഇ.ഡി റെയ്ഡിനെ സുധാകരന്‍ പരസ്യമായി പിന്തുണച്ചിരുന്നു. കേന്ദ്ര ഏജന്‍സിയായ ഇ.ഡി ഭരണഘടനാ ഉപകരണമാണ്. അവര്‍ക്ക് ഇടപെടാന്‍ അധികാരമുണ്ട്. അവരുമായി സഹകരിച്ച് വസ്തുതകള്‍ ബോധ്യപ്പെടുത്തണം. ഏത് കൊലക്കൊമ്പനായാലും തെറ്റ് ചെയ്‌താല്‍ നടപടി എടുക്കണം എന്നായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. കല്യാശ്ശേരി മുതൽ വട്ടിയൂർക്കാവ് വരെ പ്രതിപക്ഷ യുവജനങ്ങളെ ഡി.വൈ.എഫ്.ഐക്കാരും പോലീസുകാരും ആക്രമിച്ചതിനെ ന്യായീകരിക്കുകയും അത് ജീവൻരക്ഷാ പ്രവർത്തനമാണെന്ന് പറയുകയും ചെയ്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഇതാദ്യമായാണ് ഒരു സിപിഎം നേതാവ് രംഗത്ത് വരുന്നത്.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തെ തകര്‍ത്ത് 20 വര്‍ഷക്കാലം എഴുത്തുകാര്‍ക്ക് റോയല്‍റ്റി കൊടുക്കാതിരുന്നത് കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ ആയിരുന്നില്ലെന്നും എല്‍ഡിഎഫ് ഭരണകാലത്ത് സാംസ്‌കാരിക നായകന്മാരായി വിലസി നടന്നവരായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിയായിരുന്ന സമയത്ത് എഴുത്തുകാര്‍ക്ക് റോയല്‍റ്റി നല്‍കാന്‍ താന്‍ പ്രത്യേക അക്കൗണ്ട്‌ തുറന്നപ്പോള്‍ അതിനെയും ചിലര്‍ വിമര്‍ശിച്ചെന്ന് അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top