‘കാരണം റേപ്പ് സീനുകള്‍’; ആ രഹസ്യം വെളിപ്പെടുത്തി സഞ്ജയ് ദത്ത്

സൗത്ത് ഇന്ത്യൻ സിനിമകളിൽ സ്ഥിരമായി വില്ലൻ വേഷം ചെയ്യുന്നതിൻ്റെ രഹസ്യം വെളിപ്പെടുത്തി ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. തെന്നിന്ത്യൻ സിനിമകളിൽ റേപ്പ് സീനുകൾ ഇല്ലാത്തതാണ് തന്നെ ആകർഷിച്ചതെന്നാണ് താരം മുംബൈയിൽ നടന്ന ഒരു ചടങ്ങില്‍ വ്യക്തമാക്കിയത്. ഇത്തരം സീനുകൾ ചിത്രീകരിക്കാത്തത് വളരെ നല്ല കാര്യമായിട്ടാണ് താൻ കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.

സൗത്ത് ഇന്ത്യൻ സിനിമകളിൽ വില്ലനും ശരിയായ സ്ക്രീൻ സ്പെയ്സ് ലഭിക്കാറുണ്ട്. അതിനാൽ തനിക്ക് ആ കഥാപാത്രങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. മൊത്തത്തിൽ പറഞ്ഞാൽ നെഗറ്റീവ് വേഷങ്ങളിൽ ഒരു നടന് മികച്ചരീതിയിൽ പെർഫോം ചെയ്യാനുള്ള അവസരം നൽകുന്നുണ്ടെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

ആഗസ്റ്റ് 15 ന് റിലീസ് ചെയ്യുന്ന ‘ഡബിൾ സ്മാർട്ട് ‘ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് സഞ്ജയ് ദത്ത്. പുരി ജഗനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബുൾ എന്ന വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ‘സ്മാർട്ട് ശങ്കർ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണിത്. റാം പൊതിനേനിയാണ് ചിത്രത്തിലെ നായകൻ.

പുരി ജഗനാഥ് ഒരുക്കുന്ന കെ.ഡി. ദ ഡെവിൾ എന്ന ചിത്രവും റിലീസിനൊരുങ്ങുന്നുണ്ട്. ഇതിലും വില്ലന്‍ വേഷത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നത്. കെജിഎഫ് 2ല്‍ താരം ചെയ്ത വില്ലൻ വേഷമായ അധീര പ്രേക്ഷക പ്രീതി നേടിയിരുന്നു. തമിഴ് സൂപ്പർ സ്റ്റാർ വിജയ് നായക വേഷം ചെയ്ത ‘ലിയോ ‘ ആണ് സൗത്തിന്ത്യയിലെ സഞ്ജയ് ദത്തിൻ്റെ താരമൂല്യം വർധിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top