കഷ്ടപ്പാട് തുറന്നുപറഞ്ഞ് ബൈജൂസ്; ശമ്പളം നല്‍കാന്‍ മലമറിക്കും പോലെ കഷ്ടപ്പെട്ടെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ ബൈജു രവീന്ദ്രന്‍

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ജീവനക്കാര്‍ക്ക് കത്തയച്ച് പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍. ജനുവരിയിലെ ശമ്പളം വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ശമ്പളം നല്‍കിയതിനു ശേഷം തന്റ ജീവനക്കാരോട് നന്ദി പറഞ്ഞുകൊണ്ടാണ് ബൈജു രവീന്ദ്രന്‍ കത്തയച്ചിരിക്കുന്നത്. ശമ്പളം നല്‍കാന്‍ താന്‍ ഏറെ പ്രയാസപ്പെട്ടെന്നും പ്രതിസന്ധി കാലത്ത് കൂടെ പിടിച്ചുനിന്നതിന് നന്ദിയുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

“തിങ്കളാഴ്ചയോടെ ശമ്പളം കിട്ടുമെന്ന് നിങ്ങളോട് പറഞ്ഞിരുന്നതായി എനിക്കറിയാം. ഞാന്‍ എന്താണ് അനുഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. ഇനിയും കാത്തിരിക്കാന്‍ വിഷമമില്ലെന്ന് നിങ്ങളില്‍ പലരും എനിക്ക് എഴുതി. പക്ഷേ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വന്നില്ല. ശമ്പളം നല്‍കാന്‍ മാസങ്ങളായി ഞാന്‍ മലമറിക്കുന്നതു പോലെ കഷ്ടപ്പെടുകയാണ്. ഇക്കുറി ആ കഷ്ടപ്പാട് പതിവിലും വലുതായിരുന്നു. എല്ലാവരും ത്യാഗങ്ങളും വിട്ടുവീഴ്ചകളും നടത്തിയിട്ടുണ്ട്. എടുക്കാന്‍ ആഗ്രഹിക്കാത്ത പല തീരുമാനങ്ങളും വിഷമത്തോടെ എടുത്തിട്ടുണ്ട്. ഈ പോരാട്ടത്തില്‍ എല്ലാവരും അല്‍പ്പം ക്ഷീണിതരാണ്. പക്ഷേ ആരും പോരാട്ടം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല. കാരണം, നമ്മള്‍ വളര്‍ത്തിയ സംരംഭത്തില്‍ നമ്മള്‍ അഭിമാനിക്കുന്നുണ്ട്. ആത്മാഭിമാനം ഉള്ളപ്പോള്‍ മറ്റൊന്നും വേണ്ട,” കത്തില്‍ അദ്ദേഹം കുറിച്ചു.

ഓരോ മാസവും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം ബൈജൂസ് 70 കോടി രൂപ ചെലവാക്കുന്നുണ്ടെന്ന് ‘മണികണ്‍ട്രോള്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശമ്പളം നല്‍കാനായി ബൈജു രവീന്ദ്രന്‍ തന്റെ വീടുകള്‍ പണയംവച്ചുവെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബെംഗളൂരുവിലെ രണ്ടു കുടുംബവീടുകളും എപ്‌സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം 2000 ജീവനക്കാരെ നേരത്തെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top