ഇൻ്റർനെറ്റ് നിരോധനത്തിന് പിന്നിൽ ദുരൂഹത; മണിപ്പൂര്‍ പോകുന്നത്…

കുക്കി- മെയ്തെയ് വംശീയ സംഘർഷം കൊടുമ്പിരി കൊള്ളുന്ന മണിപ്പൂരിൽ ഇന്നുമുതല്‍ അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. അക്രമണത്തിന് കാരണമാകുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാനാണ് നടപടിയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇത് കൂടുതൽ അക്രമത്തിന് കാരണമാകുമെന്നാണ് വിലയിരുത്തലുകൾ. 2023ല്‍ കലാപത്തിൻ്റെ തുടക്കത്തിലും ഇൻ്റർനെറ്റ് വിച്ഛേദിച്ചിരുന്നതിനാൽ അക്രമങ്ങളുടെ യഥാർത്ഥ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നില്ല. പിന്നീട് സേവനം പുനസ്ഥാപിച്ചതോടെ കരളലിയിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നത്.

കുക്കി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ആൾക്കൂട്ട വിചാരണ നടത്തി നഗ്നരായി നടത്തുന്ന ദൃശ്യങ്ങൾ രാജ്യവ്യാപക വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. കുക്കി വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ വ്യാപക അക്രമമായിരുന്നു ഇൻ്റർനെറ്റ് വിച്ഛേദിച്ച സമയത്ത് നടന്നത്. ഇക്കാലത്ത് നൂറുകണക്കിന് വീടുകൾ തീവയ്ക്കപ്പെട്ടു നശിപ്പിക്കപ്പെട്ടു. നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾ തകർക്കപ്പെട്ടു. കുക്കി സമുദായത്തിൽപ്പെട്ട നിരവധി സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. ആയിരക്കണക്കിന് തീവെപ്പ് കേസുകളാണ് ഇക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഒരു വർഷത്തിലേറെയായിട്ടും ഭൂരിപക്ഷ ഹിന്ദു വിഭാഗമായ മെയ്തെയും ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗമായ കുക്കിവിഭാഗക്കാരും തമ്മിൽ സംഘർഷം കെട്ടടങ്ങിയിരുന്നില്ല. മെയ്തെയ് – കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം 2023 മെയ് 3നാണ് ആരംഭിക്കുന്നത്. മെയ്തെയ് വിഭാഗ​ക്കാ​ർ​ക്ക് പ​ട്ടി​ക​വ​ർ​ഗ പ​ദ​വി നൽകാനുള്ള നീക്കത്തെ തുടർന്നുള്ള സംഘർഷമാണ് കലാപത്തിലേക്ക് വളർന്നത്. സംഘർഷത്തിൽ ഇതുവരെ 220ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.

മണിപ്പൂര്‍ ജനസംഖ്യയുടെ 53 ശതമാനം മെയ്തെയ് വിഭാഗക്കാരാണ്. 42 ശതമാനം ഗോത്രവർഗക്കാരും സംസ്ഥാനത്തുണ്ട്. ഇതിൽ പ്രധാനമായും 23 ശതമാനത്തോളം നാഗ, 16 ശതമാനത്തോളം കുക്കി ഉൾപ്പെടെയുള്ള ഗോത്രവർ‌ഗക്കാരാണ്. മെയ്തെയ് ഭൂരിഭാഗവും ഹിന്ദു സമുദായക്കാരും ബാക്കി മെയ്തെയ് പംഗൽ എന്നറിയപ്പെടുന്ന മുസ്ലിങ്ങളുമാണ്. അതേസമയം ഗോത്രവർഗക്കാരിൽ ഭൂരിഭാഗവും ക്രൈസ്തവ മത വിശ്വാസികളാണ്.

ഇടക്കാലത്ത് അക്രമങ്ങൾക്ക് അയവ് വന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിൻ്റെ സമാധാന അന്തരീക്ഷം പൂർണമായും തകരുകയായിരുന്നു. ഇരു വിഭാഗത്തിലും 12 പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മാത്രം കൊല്ലപ്പെട്ടത്. തീവ്ര കുക്കി വിഭാഗക്കാർ ഡ്രോണും റോക്കറ്റുമുപയോഗിച്ചുമുള്ള ആക്രമണങ്ങൾ ആരംഭിച്ചതോടെയാണ് കലാപം അടിച്ചമർത്താൻ കഴിയാത്ത തരത്തിൽ വീണ്ടും കൈവിട്ടു പോയത്. മെയ്തെയ് വിഭാഗങ്ങൾക്ക് നേരെ ആക്രമണം രൂക്ഷമാകുന്നു എന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ വീണ്ടും ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിക്കുന്നത് കുക്കി വിഭാഗക്കാർക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിടാനാണ് എന്ന വിമർശനവും ശക്തമാണ്.

മണിപ്പൂരിൽ കലാപകാരികളുടെ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ തുടരുന്നതിനിടയിൽ സെക്രട്ടേറിയറ്റും രാജ്ഭവനും ഉപരോധിച്ച വിദ്യാർത്ഥികളും വ്യാപക അക്രമമാണ് നടത്തിയത്. ഗവർണറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ സിആര്‍പിഎഫ് വാഹനവും തകർത്തിരുന്നു. തലസ്ഥാനമായ ഇംഫാലിലും കുക്കി ഭൂരിപക്ഷ മേഖലകളിലും വന്‍ അതിക്രമങ്ങളാണ് അരങ്ങേറുന്നത്. തൗബലില്‍ കലക്ട്രേറ്റിലെ ദേശീയപതാക അഴിച്ചുമാറ്റി മെയ്തെയ് പതാകയും കരിങ്കൊടിയും കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top