കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ ബാധക്ക് പിന്നിൽ… ഇതുവരെ വെളിപ്പെടാത്ത ആ രഹസ്യം
കേരളത്തില്‍ ആറാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഏറ്റവും അവസാനമായി രണ്ട് തവണയും രോഗം സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്ലയിലാണ്. മൂന്ന് തവണയാണ് കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഒരു തവണ എറണാകുളം ജില്ലയിലും രോഗബാധയുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ 23 വയസുകാരൻ മരിച്ചത് നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ രണ്ടു മാസം മുമ്പ് 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു. നടുവത്ത് നിന്ന് 10 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്.
2018 മെയ് 19നാണ് കേരളത്തിൽ ആദ്യമായി കോഴിക്കോട് ജില്ലയിലാണ് നിപ സ്ഥിരീകരിക്കുന്നത്. പിന്നീട് വിവിധ സമയങ്ങളിലായി അഞ്ച് തവണ രോഗ ബാധ റിപ്പോർട്ട് ചെയ്യുകയായിരുന്നു. 2018 മെയ് രണ്ടു ജൂൺവരെ ഉണ്ടായ ആദ്യ നിപ തരംഗത്തില്‍ 18 പേര്‍ക്ക് വൈറസ് ബാധയേറ്റു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി ഉള്‍പ്പെടെ 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 95 ശതമാനത്തിന് അടുത്തായിരുന്നു അന്ന് മരണനിരക്ക്. ഇക്കാലയളവിൽ മലപ്പുറം ജില്ലയിലും രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.
2019 ൽ കേരളം വീണ്ടും നിപ ഭീഷണിയിലായി. എറണാകുളത്തുള്ള 23 കാരനായിരുന്നു ഇത്തവണ രോഗബാധ. മുമ്പുള്ള വർഷത്തെ പോലെ രോഗം കൂടുൽപേരിലേക്ക് പടർന്നില്ല. വൈറസ് ബാധ ഒരാളില്‍ മാത്രം ഒതുക്കി നിര്‍ത്താനും സാധിച്ചു. രോഗബാധയേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാനുമായി. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിലാണ് 2021 സെപ്റ്റംബറിൽ മൂന്നാം തവണ നിപ സ്ഥീരീകരിച്ചു. രോഗവ്യാപനം തടയാനായെങ്കിലും പന്ത്രണ്ട് വയസുകാരന് ജീവൻ നഷ്ടമായി. 2023 ഓഗസ്റ്റിൽ വീണ്ടും കോഴിക്കോട് വീണ്ടും വൈറസ് സാന്നിധ്യം കണ്ടെത്തി. ഇത്തവണ രണ്ടു മരണങ്ങളുമുണ്ടായി.
കേരളത്തിലുണ്ടായ രോഗബാധകളില്‍ ആദ്യ രോഗിക്ക് (ഇന്‍ഡക്സ് കേസ്) എവിടെ നിന്ന്, എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. ആദ്യം നിപ പൊട്ടിപ്പുറപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നത് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതു തന്നെയാവാം ഈ സ്ഥലങ്ങളിൽ തുടര്‍ച്ചയായി നിപ റിപ്പോർട്ട് ചെയ്യുന്നതിന് പിന്നിൽ.
2018ല്‍ കോഴിക്കോട് നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര മേഖലയിൽ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഗവേഷണസംഘം പഠനം നടത്തിയിരുന്നു. ആദ്യം രോഗബാധ സ്ഥിരീകരിച്ചയാളിൻ്റെ വീടിന്റെ പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വലിയ പഴംതീനി വവ്വാലുകളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. ഇവിടത്തെ വവ്വാലുകളില്‍ നിന്നുള്ള സാംപിളുകളില്‍ 19 ശതമാനത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വവ്വാലുകളില്‍ നിന്നുള്ള സാംപിളുകളിലെയും നിപ രോഗികളില്‍ നിന്നു ശേഖരിച്ച സാംപിളുകളിലേയും വൈറസുകള്‍ തമ്മിലുള്ള സാമ്യം 99-100 ശതമാനമായിരുന്നു.
എറണാകുളത്ത് രണ്ടാമത് രോഗം സ്ഥിരീകരിച്ചപ്പോഴും സമാന പഠനം നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകനായ പ്രാഖ്യയാദവിന്റെ നേതൃത്വത്തിലുള്ള ഐസിഎംആര്‍ സംഘം നടത്തി. രോഗബാധയേറ്റ യുവാവിന്റെ എറണാകുളത്തുള്ള വീട്, ഇയള്‍ പഠിച്ചിരുന്ന ഇടുക്കിയിലെ കോളജ് എന്നിവയുടെ 5 കിലോമീറ്റര്‍ പരിധിയില്‍ നിന്ന് വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം. ഇവിടെയു പഴംതീനി വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
2021 സെപ്റ്റംബറില്‍ കോഴിക്കോട്ടെ കൊടിയത്തൂര്‍, താമരശേരി എന്നിവിടങ്ങളില്‍ നിപവൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളില്‍ നിന്ന് ഐസിഎംആറിന്റെ നിര്‍ദേശാനുസരണം പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം വവ്വാലുകളെ ശേഖരിച്ച് വൈറസ് പരിശോധന നടത്തി. പഴംതീനി വവ്വാലുകളില്‍ നിപ സാന്നിധ്യത്തിന്റെ സൂചനകൾ ലഭിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വൈറസിന്റെ പ്രഭവ കേന്ദ്രം വവ്വാലുകള്‍ തന്നെയെന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്.
കേരളം അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരുന്നു. പഴംതീനി വവ്വാലുകളിലാണ് കേരളത്തില്‍ ഇതുവരെ നിപവൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് ഇനത്തില്‍ പെട്ട വവ്വാലുകളെ പിടികൂടി പഠനം നടത്തിയാല്‍ മാത്രമേ കൂടുതല്‍ ഇനം വവ്വാലുകളില്‍ വൈറസ് സാന്നിധ്യമുണ്ടോ എന്നത് ഉറപ്പിക്കാൻ കഴിയൂ. തിരുവനന്തപുരം തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും സജീവമായാൽ അത് സാധ്യമാവുമെന്നാണ് പ്രതീക്ഷ. 2018 ജൂണ്‍ 30 ന് കോഴിക്കോടിനെയും മലപ്പുറത്തെയും നിപ മുക്ത ജില്ലകളാക്കി പ്രഖ്യാപിച്ചതാണ്. ഇതിനു ശേഷം വീണ്ടും തുടർച്ചയി ഇവിടെ രോഗം റിപ്പോർട്ട് ചെയ്യുന്നത് ചെന്നെത്തുന്നത് സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചെന്ന എന്ന വിമർശനങ്ങളിലേക്കാണ്.
ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ് നിപ (Nipah). മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീർണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരും. രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കം ഉണ്ടായാല്‍ മാത്രമാണ് ഈ സാധ്യത. രോഗത്തിന്റെ പകര്‍ച്ചാ നിരക്ക് വളരെ കുറവാണെങ്കിലും രോഗബാധയേറ്റവരില്‍ രോഗലക്ഷണങ്ങളുടെ തീവ്രതയും മരണസാധ്യതയും കൂടുതലാണെന്നതാണ് നിപയുടെ അപകടം.
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻക്യുബേഷൻ പിരീഡ്) നാലു മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർടിപിസിആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here