ബിഷപ് കെ.പി.യോഹന്നാൻ വിടവാങ്ങി; അന്ത്യം ഡാലസിൽ വാഹനം ഇടിച്ച് ചികിത്സയില്‍ തുടരുന്നതിനിടെ; അമേരിക്കയില്‍ എത്തിയത് നാല് ദിവസം മുന്‍പ്

ഡാലസ്: ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത മാർ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത (കെ.പി.യോഹന്നാന്‍) അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഡാലസിൽ വച്ച് വാഹനം ഇടിച്ച് പരുക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടവിവരം പുറത്തുവന്നത്. നാലു ദിവസമായി അദ്ദേഹം ഡാലസിൽ എത്തിയിട്ട്.

ഡാലസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കുമ്പോൾ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. കാർ പോലീസ് പിടികൂടിയിരുന്നു. തലയ്ക്കും നെഞ്ചിനും സാരമായി പരിക്കറ്റ അദ്ദേഹത്തെ വിമാനമാർഗം ഡാലസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചാണ് ചികിത്സ നല്‍കിയത്.

ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ 1979ൽ സുവിശേഷ പ്രസ്ഥാനം തുടങ്ങി രംഗത്ത് വന്ന കെ.പി.യോഹന്നാൻ, ഏറ്റവുമൊടുവിൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് എന്ന പേരിൽ സഭ രൂപീകരിച്ച് സ്വയം മെത്രാപ്പോലിത്ത ആയി അവരോധിതനുമായി.

കള്ളപ്പണം വെളുപ്പിക്കൽ അടക്കം കേസുകളുടെ പേരിൽ 2020 നവംബറിൽ ആദായനികുതി വകുപ്പ് തുടർച്ചയായി നടത്തിയ റെയ്ഡുകളോടെ പ്രതിരോധത്തിലായ ബിലീവേഴ്‌സ് ചർച്ച്, പലവഴിക്ക് ശ്രമിച്ച് അതിൻ്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് അപകടവും ബിഷപ്പിന്റെ മരണവും സംഭവിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top