വനിതാ ഡോക്ടറുടെ വധത്തില്‍ ഒരാള്‍ അറസ്റ്റില്‍; പ്രതികളെ വേണ്ടിവന്നാല്‍ തൂക്കിലേറ്റുമെന്ന് മുഖ്യമന്ത്രി

ബംഗാള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ വേണ്ടിവന്നാല്‍ തൂക്കിലേറ്റുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂനിയർ ഡോക്‌ടർമാരുടെ പ്രതിഷേധങ്ങളെ പിന്തുണച്ചുകൊണ്ട് മമത പറഞ്ഞു. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തില്‍ നിലവില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ആശുപത്രിയിൽ ഉണ്ടായിരുന്ന പോലീസ് വൊളന്റിയറായ സഞ്ജയ് റോയിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കുടുക്കിയത്. ഈ ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണക്റ്റ് ആയത് സഞ്ജയ് റോയിയുടെ ഫോണിലേക്കാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജൂനിയര്‍ ഡോക്ടറുടെ അര്‍ധനഗ്നമായ മൃതദേഹം കഴിഞ്ഞ ദിവസമാണ് ആർജി കർ മെഡിക്കല്‍ കോളജ് ആശുപത്രി സെമിനാര്‍ ഹാളില്‍ കണ്ടത്. നൈറ്റ് ഷിഫ്റ്റിനിടെ വിശ്രമിക്കാന്‍ പോയ ഡോക്ടര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ്‌ കൊല്ലപ്പെട്ടത്. കഴുത്തൊടിഞ്ഞ്, കണ്ണുകളിലും മുഖത്തും സ്വകാര്യ ഭാഗങ്ങളിലും രക്തം കട്ടപിടിച്ച നിലയിലായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കും ആറുമണിക്കും ഇടയിലാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.

മകളുടെ കൊലപാതകത്തില്‍ മനംനൊന്തുള്ള മാതാപിതാക്കളുടെ പ്രതികരണവും ഇന്നലെ പുറത്തുവന്നിരുന്നു. “മകളെ ഇനി തിരിച്ചുകൊണ്ടുവരാന്‍ ആരാലും സാധ്യമല്ല. കൊലപാതകികളെ അതിവേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തക്ക ശിക്ഷ നല്‍കണം.” – മാതാപിതാക്കള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടു. ഡോക്ടറുടെ കൊലപാതകം ബംഗാളിനെ ഞെട്ടിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഡോക്ടറുടെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് നീതി വേണം എന്ന ആവശ്യം അവര്‍ ഉന്നയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top