‘മീശ’ നോവലിസ്റ്റിന് ബംഗാള്‍ ഗവര്‍ണറുടെ ഉപഹാരം; ആനന്ദബോസ് ആദരിക്കുന്നത് ഹിന്ദുവിരുദ്ധരെയെന്ന് ഭാര്‍ഗവറാം; സംഘപരിവാറില്‍ വിവാദം

തിരുവനന്തപുരം: ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസിനെതിരെ സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍. എഴുത്തുകാരായ എസ്.ഹരീഷും കെ.ആര്‍.മീരയും ബംഗാള്‍ രാജ്ഭവനിലെത്തി ആനന്ദബോസിനെ സന്ദര്‍ശിച്ചതാണ് പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. ഹരീഷ് രചിച്ച മീശ നോവലില്‍ ഹിന്ദു ആചാരങ്ങളെ നിന്ദിക്കുന്നു എന്നാരോപിച്ച് മുന്‍പേ തന്നെ പരിവാര്‍ രംഗത്ത് വന്നിരുന്നു, വിവാദങ്ങള്‍ക്കൊടുവില്‍ മാതൃഭൂമി വാരിക മീശ നോവല്‍ പിന്‍വലിക്കുകയും ചെയ്തു. പിന്നീട് ഡിസി ബുക്സാണ് നോവല്‍ പുസ്തക രൂപത്തില്‍ ഇറക്കിയത്. മീരയും സംഘവിരുദ്ധ എഴുത്തുകാരിയായാണ് വീക്ഷിക്കപ്പെടുന്നത്.
ആനന്ദബോസിനെതിരെ കടുത്ത പ്രതിഷേധവുമായി ഫെയ്സ് ബുക്കിലൂടെ രംഗത്തുവന്നത് ഹിന്ദു ഐക്യവേദി മുന്‍നേതാവായ ഭാര്‍ഗവറാമാണ്. എസ്.ഹരീഷും, കെ.ആര്‍.മീരയും ഹിന്ദു അധിക്ഷേപം നടത്തുന്നവരാണ്. അവരെ ആനന്ദബോസ് സല്‍ക്കരിച്ചതാണ് എതിര്‍പ്പിന് കാരണം-ഭാര്‍ഗവറാം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഹിന്ദു വിരുദ്ധരെ ആദരിച്ചശേഷം അദ്ദേഹം നേരെ എത്തുന്നത് ചെറുകോല്‍പ്പുഴ ഹിന്ദു കണ്‍വെന്‍ഷനിലാണ്. അവിടെ അദ്ദേഹം ഹിന്ദുവിന് വേണ്ടി സംസാരിക്കും. ഈ ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യുന്നത്”-ഭാര്‍ഗവറാം പറഞ്ഞു
അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ പ്രതികരണവുമായി മീര രംഗത്ത് വന്നിരുന്നു. 90-കളുടെ തുടക്കം മുതലാണ് വീടുകളിലേക്കും പൂജാമുറികളിലേക്കും രാമഭക്തി കടന്നുവരികയും പ്രചരിക്കപ്പെടുകയുമൊക്കെ ചെയ്തത്. അതൊക്കെ തീർത്തും യാദൃശ്ചികമല്ലെന്നും അതിന് പിന്നില്‍ ഒരു ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ തിരിച്ചറിയുന്നതായാണ് മീര പറഞ്ഞത്. ഈ പ്രസ്താവന മീരക്കെതിരെ എതിര്‍പ്പുണ്ടാക്കി. ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇരുവരും അതിഥികളായി ബംഗാള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നത്. ഹരീഷിന് ഉപഹാരം നല്‍കുന്ന ഫോട്ടോ പ്രചരിച്ചതോടെയാണ് ഗവര്‍ണര്‍ക്ക് എതിരെ എതിര്‍പ്പും സോഷ്യല്‍ മീഡിയാ പ്രചാരണവും കൊഴുത്തത്.
മലയാളിയായ മാളവിക ബാനർജി ഡയറക്ടറായ ടാറ്റ സ്റ്റീൽ സംഘടിപ്പിച്ച കൊൽക്കത്ത ലിറ്റററി മീറ്റിൽ പങ്കെടുക്കാനെത്തിയവരാണ് ഹരീഷും മീരയും അടക്കമുള്ള സാഹിത്യകാരന്മാര്‍. വിവാദത്തില്‍ ബംഗാള്‍ രാജ്ഭവന്‍ നിശബ്ദത പാലിക്കുകയാണ്. പരസ്യപ്രതികരണത്തിന് ഇതുവരെ മുതിര്‍ന്നിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here