നടിയുടെ ആരോപണം കുരുക്കായി; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ലൈംഗിക ആരോപണത്തില്‍ വിവാദത്തിലായതോടെ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. നാലുഭാഗത്തുനിന്നും സമ്മര്‍ദ്ദം മുറുകിയതോടെയാണ് രാജി. വിവാദത്തില്‍ സര്‍ക്കാരും രഞ്ജിത്തിനെ കയ്യൊഴിഞ്ഞിരുന്നു.

ഇന്നലെ രഞ്ജിത്ത് താമസിച്ച വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും കാറിലെ സര്‍ക്കാര്‍ ബോര്‍ഡ് നീക്കം ചെയ്തതോടെ തന്നെ രാജി ഉറപ്പായിരുന്നു. അക്കാദമി അംഗങ്ങളെ വിളിച്ച് രഞ്ജിത്ത് രാജി വാര്‍ത്ത അറിയിക്കുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഏതൊക്കെ പ്രമുഖര്‍ കുടുങ്ങുമെന്ന കാര്യം ചര്‍ച്ചകളില്‍ നിറഞ്ഞതോടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ബംഗാളില്‍ നിന്നും രഞ്ജിത്തിനെതിരെ ശക്തമായ പീഡന ആരോപണവുമായി പ്രമുഖ നടി ശ്രീലേഖ മിത്ര എത്തിയത്.

രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി പറ്റൂ എന്ന നിലപാടുമായി മന്ത്രി സജി ചെറിയാന്‍ ആദ്യം രഞ്ജിത്തിനെ പിന്തുണച്ചെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രഞ്ജിത്തിന്റെ രാജി ആവശ്യപ്പെടുകയും സിപിഐയും രാജി വേണം എന്ന നിലപാടില്‍ എത്തുകയും ചെയ്തതോടെ സര്‍ക്കാരിന് മുന്നില്‍ വഴികള്‍ അടഞ്ഞിരുന്നു. വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവിയും മന്ത്രി വീണ ജോര്‍ജും നടിയെ പിന്തുണച്ച് രംഗത്തുവന്നതോടെ സര്‍ക്കാര്‍ രഞ്ജിത്തിനെ കൈവിടുകയാണെന്ന സൂചന ശക്തമായിരുന്നു.

നടനും ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് തന്നെ മസ്ക്കറ്റ് ഹോട്ടലില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു എന്ന ആരോപണവുമായി ഒരു യുവനടി ഇന്നലെ രംഗത്തുവന്നിരുന്നു. ഈ വിവാദം കത്തുമ്പോള്‍ തന്നെ സിദ്ദിഖ് തിടുക്കപ്പെട്ട അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതോടെ രഞ്ജിത്തിന് മുന്നിലും രാജി അല്ലാതെ മറ്റ് വഴിയില്ല എന്ന അവസ്ഥ വന്നു.

‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കാനായി എത്തിയപ്പോള്‍ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ഹോട്ടലില്‍ സിനിമാ പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരിക്കെ രഞ്ജിത്ത് തന്നെ മുറിയിലേക്ക് വിളിപ്പിക്കുകയും ആദ്യം വളകളിലും പിന്നീട് മുടിയിലും തഴുകി. ആ തഴുകല്‍ കഴുത്തിലേക്ക് നീണ്ടതോടെ ഹോട്ടല്‍ വിട്ടുപുറത്തുപോയി എന്നാണ് ശ്രീലേഖ പറഞ്ഞത്.

ഓഡിഷന് വേണ്ടിയാണ് വിളിപ്പിച്ചതെന്നും നടി അനുയോജ്യയല്ലെന്നു തോന്നിയപ്പോള്‍ ഒഴിവാക്കി എന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ഇത് നടി നിഷേധിച്ചിരുന്നു. തന്നെ സെലക്റ്റ് ചെയ്തതുകൊണ്ടാണ് കേരളത്തിലേക്ക് വന്നതെന്നും രണ്ട് വിമാനം കയറി ഓഡിഷന് വരേണ്ട ആവശ്യം തനിക്കില്ലെന്നും രഞ്ജിത്തിന്റെ പ്രതികരണം വന്ന ശേഷം നടി വ്യക്തമാക്കിയിരുന്നു. രഞ്ജിത്തിനെതിരെയും നടന്‍ സിദ്ദിഖിനെതിരെയും പോലീസ് കേസെടുത്തേക്കുമെന്ന് സൂചനയുണ്ട്. ഈ സൂചന നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്തും ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖും രാജിവച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top