ഒരു ക്യാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ല; പ്രതികരണത്തിലും ധാര്‍ഷ്ട്യം തുടര്‍ന്ന് രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചതിന് ശേഷമുള്ള പ്രതികരണത്തിലും ധാർഷ്ട്യം തുടർന്ന് സംവിധായകൻ രഞ്ജിത്ത്. ഒരു മാധ്യമങ്ങളെയും ക്യാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞാണ് രാജിക്ക് ശേഷം നൽകിയ ശബ്ദ സന്ദേശം അവസാനിക്കുന്നത്. ചെയർമാനായതു മുതൽ ചില വ്യക്തികൾ നടത്തിയ ഗൂഡാലോചനയുടെ തുടർച്ചയാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം. ഇടതുപക്ഷ സർക്കാരിനെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ നേതൃത്വത്തിൽ ചെളിവാരി എറിയലാണ് നടന്നത്. ഒരു ദിവസം സത്യം തെളിയും. സർക്കാരിന് കളങ്കം ഉണ്ടാക്കാതിരിക്കാനാണ് രാജിവയ്ക്കുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ALSO READ: നടിയുടെ ആരോപണം കുരുക്കായി; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

‘പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലഖ മിത്രയുടെ ആരോപണം. രഞ്ജിത്ത് ഹോട്ടൽ മുറിയിലേക്ക് വിളിപ്പിക്കുകയും ആദ്യം വളകളിലും പിന്നീട് മുടിയിലും തഴുകി. ആ തലോടൽ താഴേക്ക് കഴുത്തിലേക്ക് നീങ്ങിയപ്പോൾ മുറിവിട്ട് ഓടി പോകുകയായിരുന്നു എന്നായിരുന്നു നടിയുടെ വെളിപെടുത്തൽ. തനിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പണം മാത്രമല്ല പിന്നീട് മലയാള സിനിമയിൽ അവസരം പോലും ലഭിച്ചില്ലെന്നും അവർ പറഞ്ഞിരുന്നു. എന്നാല്‍ ഓഡിഷന് വേണ്ടിയാണ് വിളിപ്പിച്ചതെന്നും നടി അനുയോജ്യയല്ലെന്നു തോന്നിയപ്പോള്‍ ഒഴിവാക്കി എന്നുമായിരുന്നു രഞ്ജിത്തിന്‍റെ ആദ്യ പ്രതികരണം. ഇത് നടി നിഷേധിച്ചിരുന്നു. തന്നെ സെലക്റ്റ് ചെയ്തതുകൊണ്ടാണ് കേരളത്തിലേക്ക് വന്നതെന്നും രണ്ട് വിമാനം കയറി ഓഡിഷന് വരേണ്ട ആവശ്യം തനിക്കില്ലെന്നും അവര്‍ വ്യകതമാക്കിയിരുന്നു.

ഈ തുറന്നു പറച്ചിൽ വിവാദമായതോടെ വിവിധ കോണുകളിൽ നിന്നും രഞ്ജിത്ത് രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തുടക്കത്തിൽ നടി തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതി നൽകിയാൽ നടപടി സ്വീകരിക്കാം എന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ അക്കാദമി ചെയർമാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുത്തതോടെ സർക്കാർ കൈവിടുകയായിരുന്നു. തുടർന്നാണ് താൻ പദവി ഏറ്റെടുത്ത നാൾ മുതൽ ചിലർ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും സർക്കാരിൻ്റെ മുഖം രക്ഷിക്കാനാണ് ഇപ്പോൾ രാജിവച്ചതെന്നും രഞ്ജിത്ത് വിശദീകരിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top