തിരിച്ചടിച്ചത് നന്ദിഗ്രാമും സിംഗൂരും; ബുദ്ധദേവിലൂടെ മറയുന്നത് യുഗസമാനമായ ചുവപ്പ് ജീവിതം
വംഗനാടിന്റെ വിപ്ലവവീര്യത്തിന്റെ പ്രതീകമായ ബുദ്ധദേവ് ഭട്ടാചാര്യ ഇനിയില്ല. യുഗസമാനമായ ജീവിതമാണ് തെക്കൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിൽ ഇന്ന് അവസാനിച്ചത്. ബംഗാള്‍ ചരിത്രത്തില്‍ കയ്യൊപ്പ് പതിപ്പിച്ചാണ് ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നതും. ബുദ്ധദേവ് ഇല്ലാതെ ബംഗാള്‍ ചരിത്രം ഒരിക്കലും പൂര്‍ണമാവുകയുമില്ല. അത്രയധികം ബംഗാളുമായി അദ്ദേഹത്തിന്റെ ജീവിതം കെട്ടുപിണഞ്ഞിരിക്കുന്നു.
ജ്യോതിബസുവിന് ശേഷം ബംഗാളിൽ പാര്‍ട്ടിയെ കൈപിടിച്ച് നടത്തിയത് ബുദ്ധദേവ് ആയിരുന്നു. ബസുവിന്റെ മന്ത്രിസഭയില്‍ തിളങ്ങിയ അദ്ദേഹം ബസുവിന്റെ മരണശേഷമാണ് ബംഗാള്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്. 1999-ല്‍ ജ്യോതി ബസു സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി. ബസുവിന് ശേഷം 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി. ബംഗാളില്‍ സിപിഎമ്മിന്റെ തേരോട്ടത്തിന് ഒപ്പം നിന്ന ബുദ്ധദേവ് സിപിഎമ്മിന്റെ പ്രതാപം ബംഗാളില്‍ അവസാനിക്കുന്നത് കണ്ടാണ് ജീവിതത്തില്‍ നിന്നും വിട പറയുന്നതും.
ലാളിത്യവും സത്യസന്ധതയും ആയിരുന്നു ബുദ്ധദേവിന്റെയും കൈമുതല്‍. ബംഗാള്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു പൊന്താനും വഴിവച്ചത് ഇതേ ഗുണമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ബംഗാളിനെ വികസന വഴിയിലേക്ക് നയിക്കാന്‍ അദ്ദേഹം ഒരുങ്ങിയെങ്കിലും വികസന പദ്ധതികള്‍ ഓരോന്നായി തിരിച്ചടിച്ചു. ഇത് ബംഗാളില്‍ സിപിഎമ്മിന്റെ പതനത്തിനും വഴിവച്ചു.
ടാറ്റയ്ക്ക് വേണ്ടി സിംഗൂരില്‍ ഭൂമി നല്‍കിയത് വലിയ പ്രതിഷേധത്തിന് തുടക്കമിട്ടു. 2007 മാര്‍ച്ച് 14ന് നന്ദിഗ്രാമില്‍ സമരക്കാര്‍ക്ക് നേരെ നടന്ന പോലീസ് വെടിവെയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതും തിരിച്ചടിച്ചു. പ്രക്ഷോഭം ആളിക്കത്തിയപ്പോള്‍ അതിന് നേതൃത്വം നല്‍കി മമത ബാനര്‍ജി ബംഗാളിന്റെ അധികാരത്തിലേക്ക് നടന്നടുക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് തിരിച്ചടിയെ തുടര്‍ന്ന് അധികാരം നഷ്ടമായ 2011 മുതല്‍ സ്ഥാനങ്ങളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്നു. ആരോഗ്യാവസ്ഥ മോശമായതോടെ 2018ല്‍ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിഞ്ഞു. 1977ൽ കോസിപുരിൽനിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ൽ പരാജയപ്പെട്ടെങ്കിലും ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായി. 1987–96 കാലയളവില്‍ സാംസ്കാരിക വകുപ്പും ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായി. ബസുവിന്റെ മരണത്തോടെ മുഖ്യമന്ത്രിയുമായി. 1971ൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗമായി. 82ൽ സെക്രട്ടറിയേറ്റ് അംഗമായി. 1984 മുതൽ പാർട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 1985ൽ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതൽ പൊളിറ്റ് ബ്യൂറോ അംഗവും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here