ആക്രമണത്തിന് മുന്‍പും ശേഷവും ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മലയാളി സിഇഒയുടെ കൊലപാതകം ജോക്കർ ഫെലിക്സ് ഏറ്റെടുത്ത ക്വട്ടേഷന്‍

ബംഗളുരു ഇരട്ടകൊലപാതകത്തിന് പിന്നില്‍ ബിസിനസ് സംബന്ധിച്ച കുടിപ്പകയെന്ന് കണ്ടെത്തല്‍. എയറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും മലയാളിയുമായ വിനുകുമാർ , എംഡി ഫണീന്ദ്ര സുബ്രമണ്യ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. എയറോണിക്സ് മീഡിയയുമായി ബിസിനസ് വൈരാഗ്യമുണ്ടായിരുന്ന ജിനെറ്റ് ബ്രോഡ് ബാന്‍ഡ് ഉടമ അരുണ്‍ കുമാറാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് അറിയിച്ചു. അരുണ്‍ കുമാറിനെ ചൊവ്വാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തു.

ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷിന് പുറമെ, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വിനയ് റെഡ്ഡി, സന്തോഷ് എന്നിവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. നേരത്തെ ജിനെറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്ന ഫണീന്ദ്ര കമ്പനി വിട്ട് മറ്റൊരു സ്ഥാപനം തുടങ്ങിയതിന്റെ വൈരാഗ്യമാണ് അരുണ്‍ കുമാറിനെ ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്. എയറോണിക്സ് മീഡിയയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വെെരാഗ്യത്തിലാണ് ശബരീഷ് കൊലപാതകത്തില്‍ പങ്കാളിയായതെന്നും പൊലീസ് പറയുന്നു.

അതേസമയം, കേസിലെ പ്രധാന പ്രതിയുമായ ശബരീഷുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് അന്വേഷണ സംഘം. @joker_felix_rapper എന്ന പേരിലുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആക്രമണത്തിന് മുമ്പും ശേഷവും ശബരീഷ് കൊലപാതകത്തെ സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്.

ഇരട്ടക്കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പുള്ള, ശബരീഷിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍, “ഞാൻ മോശം മനുഷ്യരെ മാത്രം വേദനിപ്പിക്കുന്നു. നല്ല മനുഷ്യരെ ഞാന്‍ ഉപദ്രവിക്കുന്നില്ല.” എന്ന് പറയുന്നു. കുറ്റകൃത്യത്തിന് തൊട്ടുമുമ്പ് പങ്കിട്ട മറ്റൊരു ഇൻസ്റ്റാഗ്രാം റീലിൽ, ” ഒരു പേപ്പറിൽ എഴുതുക. ബെംഗളൂരു എന്റേതാണ്” എന്ന ക്യാപ്ഷനോടെ, ശബരീഷ് തന്റെ നിരവധി ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇരട്ടക്കൊലപാതകത്തിന് ശേഷം, കെജിഎഫ് സിനിമയുടെ തീം ബാക്ക്ഗ്രൗണ്ട് സ്‌കോറാക്കി കുറ്റകൃത്യത്തിന്റെ വാർത്തയുടെ സ്‌ക്രീൻഷോട്ടും ശബരീഷ് പങ്കുവച്ചിട്ടുണ്ട്. വ്ളോഗറും യൂട്യൂബറുമായി സ്വയം പരിചയപ്പെടുത്തുന്ന ശബരീഷിന് ഇന്‍സ്റ്റഗ്രാമില്‍ 16,000 ത്തില്‍ അധികം ഫോളോവേഴ്സുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്‍ വിനുകുമാര്‍ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവര്‍ കൊല്ലപ്പെട്ടത്. അമൃതഹള്ളി പമ്പാ എക്സ്റ്റന്‍ഷനിലെ എയറോണിക്സ് കമ്പനിയുടെ ഓഫീസില്‍ കടന്നുകയറി ഫെലിക്സ് ഇവരെ വാളുപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. കമ്പനിയിലെ ജീവനക്കാര്‍ നോക്കിനില്‍ക്കേയാണ് ഫെലിക്‌സും വിനയ് റെഡ്ഡിയും സന്തോഷും അടങ്ങുന്ന സംഘം ഇരുവരെയും കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് വിനു കുമാറും ഫണീന്ദ്ര സുബ്രഹ്മണ്യുവും മരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top