ബെംഗളൂരു സ്ഫോടനത്തിൽ നിര്‍ണ്ണായക ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയെന്ന് സംശയിക്കുന്നയാള്‍ കഫെയില്‍ ബാഗ് നിക്ഷേപിച്ചു; ഒരു മണിക്കൂര്‍ കഴിഞ്ഞ് പൊട്ടിത്തെറി

ബെംഗളൂരു: രാമേശ്വരം കഫെയിൽ ഉണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി രാവിലെ ബസ് ഇറങ്ങി കഫെയിൽ ഭക്ഷണത്തിന് ഓർഡർ നൽകിയശേഷം ശുചിമുറിക്കടുത്ത് കയ്യിലുണ്ടായിരുന്ന ബാഗ് നിക്ഷേപിച്ചതായി പോലീസ് പറയുന്നു. ഏഴ് മിനുട്ട് മാത്രമാണ് യുവാവ് കഫെയില്‍ ചിലവഴിച്ചത്. ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാതെ കടയിൽ നിന്നും ഇറങ്ങി ഒരു മണിക്കൂർ പിന്നിട്ടശേഷമാണ് സ്ഫോടനം നടക്കുന്നത്. കണ്ണടയും തൊപ്പിയും മാസ്കും ധരിച്ചതിനാൽ മുഖം വ്യക്തമല്ല. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 25നും 30നും ഇടയിൽ പ്രായമുള്ള യുവാവാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ. പ്രതിയെ പിടികൂടാൻ എട്ട് വിദഗ്ധ സംഘങ്ങളെ നിയോഗിച്ചതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫെയില്‍ സ്ഫോടനം നടന്നത്. അത്യുഗ്ര ശബ്ദത്തില്‍ അജ്ഞാത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. കഫെയിലെ ജീവനക്കാരും ആഹാരം കഴിക്കാനെത്തിയവരും ഉള്‍പ്പെടെ പത്ത് പേര്‍ക്കാണ് പരുക്കേറ്റത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് ആദ്യം സംശയിച്ചെങ്കിലും, ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിന്നീട് കണ്ടെത്തുകയായിരുന്നു. ഐഇഡി ബോംബാണ് പൊട്ടിയതെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. കർണാടക പോലീസ്, ആഭ്യന്തര സുരക്ഷാ വിഭാഗം, എൻഐഎ, ഫൊറൻസിക് വിദഗ്ധർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.

സൗത്ത് ഇന്ത്യന്‍ സ്റ്റൈലില്‍ ഉണ്ടാക്കിയെടുക്കുന്ന ബട്ടര്‍ പൊടി ഇഡ്ഡലിക്ക് പേരു കേട്ടതാണ് രാമേശ്വരം കഫെ. ഫുഡ്‌ വ്ലോഗേഴ്സ് പരിചയപ്പെടുത്തിയതോടെ കേരളത്തില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും ഭക്ഷണപ്രേമികള്‍ ഇവിടെ എത്താറുണ്ട്.

Logo
X
Top