‘പീഡനത്തിന് ഭര്‍ത്താവിനോട് കോടികള്‍ ആവശ്യപ്പെട്ട ഭാര്യക്ക് അന്വേഷണം വേണ്ടേ’!! ബംഗളൂരു ടെക്കിയുടെ മരണത്തിൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം തള്ളി
ബംഗളൂരു ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത കേസിൽ ഭാര്യ നികിത സിംഘാനിയയ്‌ക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി തള്ളി. പീഡനം ആരോപിച്ച് ഭാര്യ വിവാഹമോചനത്തിന് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതിൽ മനംനൊന്തായിരുന്നു ടെക്കി ജീവനൊടുക്കിയത് എന്നായിരുന്നു എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കാനുള്ള എല്ലാ കാരണങ്ങളും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹർജി തളളിക്കൊണ്ട് കോടതി പറഞ്ഞു. എന്തുകൊണ്ടാണ് ഭാര്യ അന്വേഷണത്തിന് ആവശ്യപ്പെടാത്തതെന്നും കോടതി ചോദിച്ചു.
തന്നെ ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങളിൽ ഭാര്യയുടേയും കുടുംബാംഗങ്ങളും പേര് അതുൽ സുഭാഷ് പരാമർശിച്ചിട്ടില്ല എന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹർജിക്കാരിക്ക് നിയമപരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ അവകാശമുണ്ട്. അതുൽ സുഭാഷിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ അവർക്കെതിരെ കേസെടുക്കാനാകില്ലെന്നും നികിതയുടെ അഭിഭാഷകൻ വാദിച്ചു. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി എതിർപ്പുകൾ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളും വസ്തുതകളും സമർപ്പിക്കാനുള്ള നിർദ്ദേശവും പ്രോസിക്യൂഷന് കോടതി നൽകി.
അതേസമയം നികിത, മാതാവ് നിഷ സിംഘാനിയ, അനുരാഗ് എന്നിവരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിചാരണക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നികിത ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും കുടുംബവും നിരന്തരമായി മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ആരോപിച്ച് ആത്മഹത്യ കുറിപ്പും വിഡിയോ സന്ദേശവും റെക്കോര്‍ഡ് ചെയ്ത ശേഷമാണ് അതുൽ ജീവനൊടുക്കിയത്. ദാമ്പത്യ പ്രശ്‌നങ്ങളിൽ നിന്നുള്ള മാനസിക പ്രയാസങ്ങളും ഭാര്യ തനിക്കെതിരെ നല്‍കിയ ഒന്നിലധികം പരാതികളും വിശദീകരിക്കുന്ന 24 പേജുള്ള ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ കുടുംബ കോടതി ജഡ്ജി തന്‍റെ ഭാര്യക്കും കുടുംബത്തിനും ഒപ്പംനിന്ന് അഴിമതി കാണിച്ചെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
2019ലാണ് അതുൽ സുഭാഷും നികിതയുമായുള്ള വിവാഹം കഴിഞ്ഞത്. കൊലപാതകശ്രമം, സ്ത്രീധന പീഡനം, പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങി ഒമ്പത് കേസുകളാണ് സുഭാഷിനെതിരെ നികിത ഫയൽ ചെയ്തത്. കേസിൽനിന്ന് ഒഴിവാക്കാൻ മൂന്ന് കോടി രൂപ ഭാര്യ ആവശ്യപ്പെട്ടെന്ന് ആത്മഹത്യക്ക് മുമ്പ് റെക്കോര്‍ഡ് ചെയ്ത വിഡിയോയിൽ അതുൽ ആരോപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here