ഭര്‍ത്താവിന്റെ നമ്പര്‍ സേവ് ചെയ്യാന്‍ ഭാര്യ വിളിച്ചത് വെറും രണ്ട് സെക്കന്‍ഡ് കോള്‍; ബെംഗളൂരുവിനെ ഞെട്ടിച്ച മുത്തൂറ്റിലെ 40 കിലോ സ്വര്‍ണകവര്‍ച്ച തെളിഞ്ഞത് ഇങ്ങനെ…

ബെംഗളൂരുവിലെ ഏറ്റവും വലിയ സ്വര്‍ണകവര്‍ച്ചയായിരുന്നു 2009ല്‍ മുത്തൂറ്റ് മിനി നിധി ഫിനാൻസില്‍ നടന്നത്. ന്യൂ തിപ്പസാന്ദ്ര ഓഫീസിൽ നിന്ന് 40 കിലോ സ്വർണമാണ് കവര്‍ച്ച ചെയ്തത്. ഈ കവര്‍ച്ച തെളിയിച്ചത് ബംഗളൂരു പോലീസിന്റെ അഭിമാനകരമായ നേട്ടമായിരുന്നു. ഭഗീരഥ ശ്രമം നടത്തിയാണ് പോലീസ് കവര്‍ച്ച സംഘത്തെ വലയിലാക്കിയത്. എന്നെന്നും ഓര്‍മിക്കുന്ന അന്വേഷണം എന്നാണ് ഇതിനെ പോലീസ് വിശേഷിപ്പിക്കുന്നത്.

കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത് വെറും രണ്ട് സെക്കന്റ് മാത്രം നീളുന്ന ഒരു ഫോണ്‍ കോള്‍ ആയിരുന്നു. ഈ ഫോണ്‍ കോളിനെ കുറിച്ചുള്ള അന്വേഷണമാണ് കേസ് തെളിയിച്ചത്. ന്യൂ തിപ്പസാന്ദ്ര റോഡിലെ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് മുത്തൂറ്റ് മിനി നിധി ഫിനാൻസ് ഓഫീസ് ഉള്ളത്. ഐസക് ജോണ്‍ ആയിരുന്നു ബ്രാഞ്ച് മാനേജര്‍.

2009 ജൂൺ 2-ന് ജോലി സമയം കഴിഞ്ഞ് ഓഫീസിന്റെ സ്ട്രോങ് റൂമും പൂട്ടി വാഹനത്തിലെ അറയില്‍ താക്കോൽ സൂക്ഷിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് പോയി. ഇന്ദിരാനഗറിലെ 12-ാം മെയിൻ റോഡിന് സമീപമെത്തിയപ്പോൾ KA02 ED15 എന്ന നമ്പര്‍ മോട്ടോർ ബൈക്ക് സ്‌കൂട്ടറിൽ പിന്നിൽ ഇടിച്ചു. പിറകെ വന്ന മാരുതി ഓമ്‌നി കാറിലെ യാത്രക്കാർ ഐസക്കിനെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വാഹനം ഇടിപ്പിച്ച ബൈക്കും പിറകില്‍ വന്ന മാരുതി വാനും കവര്‍ച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരുടേത് ആയിരുന്നു. ഇവർ ഐസക്കിന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ക്ലോറോഫോം ഉപയോഗിച്ച് ബോധരഹിതനാക്കുകയും ചെയ്തു. എന്നാല്‍ ഓഫീസിന്റെ താക്കോല്‍ ഐസക്കിന്റെ കയ്യില്‍ നിന്നും ലഭിച്ചില്ല. ഇതോടെ സംഘം അപകടം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ എത്തി. ഐസക്ക് ആശുപത്രിയില്‍ ചികിത്സയിലാണെന്നും സ്കൂട്ടര്‍ എടുക്കാന്‍ വന്നതാണെന്നും പോലീസ് സ്റ്റേഷനില്‍ പറഞ്ഞു. പോലീസുകാരെ വിശ്വസിപ്പിച്ച് സ്കൂട്ടര്‍ വാങ്ങി മടങ്ങി. ഈ സ്കൂട്ടറില്‍ നിന്നും താക്കോല്‍ കണ്ടെടുത്ത ശേഷമാണ് മുത്തൂറ്റില്‍ നിന്നും 40 കിലോ സ്വര്‍ണം കവര്‍ന്നത്. അന്ന് അതിന്റെ മൂല്യം 5.68 കോടി രൂപയാണ്. ഇപ്പോഴുള്ള മൂല്യം 28 കോടി രൂപയും.

18 മണിക്കൂറിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. ഐസക്കിനെ ബോധരഹിതനാക്കിയ ശേഷം സംഘം വഴിയില്‍ തള്ളി. ബോധം വീണ ശേഷമാണ് നടന്നത് ഐസക്ക് ഓര്‍മിക്കുന്നത്. 20,000 രൂപ പോക്കറ്റിലുണ്ടായിരുന്നത് അവര്‍ കവർന്നെന്ന് അദ്ദേഹം ആദ്യം മനസിലാക്കി. ജീവൻ ഭീമാ നഗർ ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം സ്കൂട്ടർ കണ്ടെത്തി. ഓഫീസിന്റെ താക്കോല്‍ നഷ്ടപ്പെട്ടതായി മനസിലായതോടെ ഓഫീസിലേക്ക് കുതിച്ചു. കാലിയായ സ്ട്രോങ്ങ്‌ റൂം കണ്ടതോടെ കാര്യങ്ങള്‍ മനസിലായി. മനസിലായി. വിവരം മുത്തൂറ്റ് അധികൃതര്‍ക്കും പോലീസിനും കൈമാറി.

പോലീസിന് ആദ്യ സംശയം ഐസക്കിനെ ആയിരുന്നു. എന്നാല്‍ ഇതില്‍ ഐസക്ക് നിരപരാധി ആണെന്ന് പോലീസിന് മനസിലായി. മാധ്യമങ്ങളില്‍ വാര്‍ത്ത ഫ്ലാഷ് ന്യൂസ് ആയി. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രത്യേക പോലീസ് സംഘങ്ങള്‍ക്ക് രൂപം നല്‍കി. മുത്തൂറ്റ് ഓഫീസിന് എതിർവശത്ത് ഒരു ചെരിപ്പ് കട തുറന്നെങ്കിലും മോഷണം നടന്ന് ദിവസങ്ങൾക്കുള്ളിൽ പൂട്ടിയതായി പോലീസിന് മനസിലായി. അന്വേഷണം അവിടെ തുടങ്ങി. വാടകക്കാരുടെ വിവരം പോലീസ് ഉടമയില്‍ നിന്നും തേടി. ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. വ്യാജ തിരിച്ചറിയൽ കാര്‍ഡ് ഉപയോഗിച്ചാണ് സിം വാങ്ങിയതെന്ന് മനസിലായി. അന്വേഷണം ഊര്‍ജിതമാക്കി.

ഈ സിമ്മിന്റെ കോൾ ഡീറ്റെയിൽസ് റെക്കോർഡുകൾ (സിഡിആർ) പരിശോധിച്ചു. അവ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുനീങ്ങി. കോൾ ചെയ്ത എല്ലാ വ്യക്തികളെയും ട്രാക്ക് ചെയ്തു. ഒരു സ്ത്രീയുടെ നമ്പറിലേക്ക് കേവലം രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു കോൾ ഈ സിമ്മില്‍ നിന്നും വന്നതായി പോലീസിന് മനസിലായി. ഇതോടെ ഈ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബെംഗളൂരുവിലെ മഹാദേവപുരയിൽ താമസിക്കുന്ന ജയകുമാറിന്‍റെ ഭാര്യയാണ് യുവതി. ഇയാൾ മുമ്പ് മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരുന്നു. ജയകുമാറിന്‍റെ വീട്ടിൽ പോയി ചോദ്യം ചെയ്തപ്പോൾ ഭർത്താവിന്‍റെ പുതിയ മൊബൈൽ നമ്പറിൽ നിന്ന് അത് സേവ് ചെയ്യാനാണ് സ്വന്തം നമ്പറിലേക്ക് വിളിച്ചതെന്ന് യുവതി പറഞ്ഞു. കുറ്റകൃത്യത്തിന് 15 ദിവസം മുമ്പാണ് ഈ വിളി നടന്നത്.

ഭര്‍ത്താവിന്റെ പുതിയ ഫോണിലെ നമ്പര്‍ സേവ് ചെയ്യുക മാത്രമായിരുന്നു യുവതിയുടെ ഉദ്ദേശ്യം. പക്ഷെ അത് കേസ് തെളിയിക്കാനുള്ള നിര്‍ണായക കോള്‍ ആയി മാറുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ജയകുമാര്‍ ഈ ഫോണ്‍ നശിപ്പിച്ചിരുന്നു. ജയകുമാറിനെ ചോദ്യം ചെയ്തതോടെ ബെംഗളൂരു സ്വദേശികളായ നിർമൽ രാജ് കുമാർ (35), മനോജ് കുമാർ (29), ലോറൻസ് ഡി സെൽവ (24), ജഗന്നാഥൻ (28), തമിഴ്നാട് സ്വദേശികളായ ഭാസ്കരൻ (26), സേതു (30), ജെ. മഡിവണ്ണ (33), ദാസ് പ്രകാശ് (23) എന്നിവരാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ ഉള്ളതെന്ന് പോലീസിന് വ്യക്തമായി.

കവർച്ചയ്ക്ക് ശേഷം പ്രതികള്‍ സ്വർണാഭരണങ്ങൾ ഭാഗികമായി വിറ്റ് ഡൽഹി, മണാലി, ഷിംല മുംബൈ എന്നിവിടങ്ങളിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. ജയകുമാറിനെക്കൊണ്ട് പോലീസ് പ്രതികളെ വിളിപ്പിച്ചു. ജയകുമാര്‍ ഷിംലയില്‍ എത്തുമെന്ന് ഇവരോട് പറഞ്ഞു. ഷിംലയില്‍ എത്തിയ ജയകുമാറിനെ കാണാന്‍ പ്രതികള്‍ എത്തിയതോടെ സംഘം ഒരുമിച്ച് വലയിലായി.

2009 ജൂൺ 12ന് അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ ശങ്കർ മഹാദേവ ബിദാരി 34.60 കിലോ സ്വർണം കണ്ടെടുത്തതായി അറിയിച്ച് വാർത്താസമ്മേളനം നടത്തി. ഇവര്‍ വിറ്റ സ്വര്‍ണം കണ്ടെടുക്കുകയും പോലീസിനു ദുഷ്ക്കരമായെങ്കിലും പോലീസ് അത് വീണ്ടെടുക്കുക തന്നെ ചെയ്തു. 6 കിലോ സ്വർണം ഒരു ഫാം ഹൗസില്‍ ഇവര്‍ ഒളിപ്പിച്ചിരുന്നു. അതും പോലീസ് കണ്ടെടുത്തു. കേസ് ഒതുക്കാന്‍ ഇവരില്‍ നിന്നും കൈക്കൂലി വാങ്ങിയ അന്വേഷണ സംഘത്തിലുണ്ടായിരുന്ന പോലീസ് ഇൻസ്‌പെക്ടർ ജനാർദനനും അറസ്റ്റിലായി. 3.45 ലക്ഷമാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. 2010ൽ സംഭവം പുറത്തറിഞ്ഞതോടെ ജനാർദനന്‍ സസ്‌പെൻഷനിലായി.

കവര്‍ച്ചാ സംഘം ചെരിപ്പ് കട തുടങ്ങിയത് ഐസക്കിനെയും മുത്തൂറ്റ് ഇടപാടുകളെയും നിരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ജയകുമാറിന് കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന നിർണായക ഫോൺ കോൾ ഇല്ലെങ്കിൽ ഈ കേസ് തെളിയിക്കാന്‍ പോലീസ് പാടുപെടുമായിരുന്നു എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഈ കേസില്‍ 2023 ജനുവരി 6നാണ് വിധി വന്നത്. 56-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി 10 വർഷം വീതം തടവിന് ശിക്ഷിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top