‘ആടുജീവിതം’ നജീബിന്റെ കഥയാണ്, ഷുക്കൂറിന്‌റെ ജീവിതമല്ല; 20 വര്‍ഷമായി ആവര്‍ത്തിക്കുന്നു; വിശദീകരണവുമായി ബെന്യാമിന്‍
ആടുജീവിതം സിനിമ പുറത്തിറങ്ങിയ ദിവസം മുതല്‍ ഉയരുന്ന വിമര്‍ശനങ്ങളാണ് നോവലില്‍ വായിച്ച പലതും സിനിമയില്‍ ഇല്ലെന്നത്. നോവലില്‍ നജീബ് എന്ന നായക കഥാപാത്രം ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും, മകനെപ്പോലെ വളര്‍ത്തിയ ആട്ടിന്‍കുട്ടിയുടെ പുരുഷത്വം ഛേദിക്കുന്നതും നോവലിസ്റ്റ് ബെന്യാമിന്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇതുരണ്ടും സിനിമയില്‍ ഇല്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം ചിത്രീകരിച്ചിരുന്നെങ്കിലും സെന്‍സര്‍ പ്രശ്‌നങ്ങള്‍ കാരണം ഒഴിവാക്കി എന്നായിരുന്നു ബെന്യാമിന്റെ മറുപടി. അതേസമയം യഥാര്‍ത്ഥ ജീവിതത്തിലെ നജീബ് അഥവാ ഷുക്കൂര്‍ താന്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നു പറയുകയുണ്ടായി. ഇതിന് പിന്നാലെ ബെന്യാമിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഷുക്കൂറിനെ മനപൂര്‍വ്വം അപമാനിക്കുകയാണ് ബെന്യാമിന്‍ ചെയ്തതെന്നും നോവല്‍ വിറ്റുപോകാന്‍ ചെയ്ത കുതന്ത്രമാണെന്നുമെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ വിവാദങ്ങളില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെന്യാമിന്‍.
ആടുജീവിതം ഷുക്കൂറിന്റെ ജീവിതകഥയല്ല, തന്റെ നോവല്‍ ആണെന്ന് ബെന്യാമിന്‍ പറയുന്നു. അത് ജീവിതഥയാണെന്ന് ധരിക്കുന്നവര്‍ക്ക് നോവല്‍ എന്താണെന്ന് അറിയാത്തതാണ് കാരണം. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഇതേകാര്യങ്ങള്‍ വിശദീകരിക്കുന്നു. സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ വീണ്ടും ഇത് പറയേണ്ടി വന്നതാണ്. നജീബ് എന്ന കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും എഴുത്തുകാരനാണ് ഉത്തരവാദി, ഷുക്കൂറിനെ വെറുതെ വിടണമെന്നും ബെന്യാമിന് പറയുന്നു.
ബെന്യാമിന്റെ കുറിപ്പിന്റെ പൂർണരൂപം:
കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. നോവൽ. നോവൽ. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here