എഐ ക്യാമറ വന്നിട്ടും റോഡ് അപകടത്തിൽ കേരളം പിന്നോട്ടില്ല; കഴിഞ്ഞ വർഷം മാത്രം 4010 മരണം, അപകടങ്ങളില്‍ മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: ‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 700ഓളം എഐ ക്യാമറകൾ സ്ഥാപിച്ചിട്ടും റോഡപകടങ്ങളിൽ കുറവൊന്നുമില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകടം നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ വർഷം മാത്രം 4010 മരണമാണ് റോഡപകടം കാരണം ഉണ്ടായത്. അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറയ്ക്കാനാണ് കഴിഞ്ഞ വർഷം കോടികൾ മുടക്കി എഐ ക്യാമറകൾ സ്ഥാപിച്ചത്. പക്ഷേ അതുകൊണ്ട് പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്.
കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2023ൽ 48,141 അപകടങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 2022ൽ ഇത് 43,910 ആയിരുന്നു. 4231 അപകടങ്ങളുടെ വർധനയാണുണ്ടായത്. എഐ ക്യാമറ വരുമ്പോൾ അപകടങ്ങൾ കുറയേണ്ട സ്ഥാനത്ത് വീണ്ടും കൂടുകയാണ് ഉണ്ടായത്. പലയിടത്തും എഐ ക്യാമറ പ്രവർത്തനക്ഷമമല്ല എന്ന പരാതികൾ ഉയരുന്നുണ്ട്. ഇവയൊക്കെ സത്യമാണെന്ന് ഉറപ്പിക്കുന്നതാണ് ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ വർഷം സംഭവിച്ച മരണം 2022നെ അപേക്ഷിച്ച് 307 എണ്ണം കുറഞ്ഞെങ്കിലും പരിക്കേറ്റവരുടെ എണ്ണം വലിയതോതിൽ കൂടിയിട്ടുണ്ട്. 2022നെ അപേക്ഷിച്ച് 5062 പേർക്ക് ഗുരുതരമോ അല്ലാത്തതോ ആയ പരിക്കേറ്റിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം 2022ൽ ദേശീയപാത അപകടങ്ങൾ ഏറ്റവും കൂടുതൽ നടന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ദേശീയപാതയിലെ എഐ ക്യാമറകൾ കൊണ്ട് ഫലമുണ്ടായോ എന്ന് 2023ലെ കണക്കുകൾ വന്നാൽ മാത്രമേ വ്യക്തമാകുകയുള്ളു. സ്റ്റാറ്റിസ്റ്റ എന്ന അന്താരാഷ്ട്ര സർവേയുടെ കണക്കുകൾ പ്രകാരം 2022ൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു കേരളം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here