‘കടുവയെ കിടുവ പിടിച്ചു’; ബിവറേജസിൽ നിന്നും വരുന്നവരുടെ മദ്യവും പണവും തട്ടുന്ന സംഘം പിടിയിൽ

എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്തുന്ന രണ്ട് പേർ പിടിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി മഖ്ബൂൽ (55), കസബ സ്വദേശി വി. ലജീദ് (49) എന്നിവരാണ് വള്ളിക്കുന്നിൽ അറസ്റ്റിലായത്. ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്നും വരുന്നവരെ തടഞ്ഞ് നിർത്തി മദ്യവും പണവും കൈലാക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു.
ഭീഷണിപ്പെടുത്തി തട്ടിയെടുത്ത മദ്യം മറിച്ചു വിൽക്കുന്നതിനിടയിലാണ് ഇവർ പരപ്പനങ്ങാടി റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. മാസങ്ങളായി കൂട്ടുമൂച്ചി, രാമനാട്ടുകര, കോട്ടക്കടവ് എന്നീ ഔട്ട്ലറ്റുകൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്.
എക്സൈസ് സംഘത്തെ കണ്ട് ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഒൻപത് ലിറ്റർ മദ്യവും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. പരാതികൾ വ്യാപകമായതിനെ തുടർന്ന് ഒരു മാസത്തോളമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here