ആഭരണവിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം; എല്ലാം മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനം; നികുതികള്‍ അടച്ചിട്ടുണ്ടെന്നും താരം

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹാഭരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കെ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. ഭാഗ്യ ധരിച്ചിരുന്ന ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനമാണെന്നും ജിഎസ്ടി അടക്കം എല്ലാ നികുതികളും ഒടുക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

‘‘സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനമാണ്. ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഡിസൈനർമാർ. ഒരെണ്ണം ഒരു ജ്വല്ലറിയിൽ നിന്നുള്ളതാണ്. ദയവായി ഇങ്ങനെ ചെയ്യുന്നത് നിർത്തുക. വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും എളിയവനായ ഞാന്‍ ബാധ്യസ്ഥനാണ്.’’– കുറിപ്പിൽ പറയുന്നു.
ജനുവരി 17ന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തുടരുമ്പോള്‍ തന്നെയാണ് വിവാഹാഭരണത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകളും നടന്നത്. നടന്മാരായ മമ്മൂട്ടി, മോഹൻലാല്‍ എന്നിവരുൾപ്പെടെ വൻതാരനിര തന്നെ വിവാഹത്തിനെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here