പോലീസ് സ്റ്റേഷനിലെ ലൈംഗിക പീഡനത്തിന് കാരണമായ വീഡിയോ പുറത്ത്; ‘ഇത് ഡൽഹിയല്ല’ എന്നാക്രോശിച്ച് അതിക്രമം


ഒഡീഷയിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സൈനികനെ മർദ്ദിക്കുകയും പ്രതിശ്രുത വധുവിനെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നിർണായകമായ വീഡിയോ പുറത്ത്. കൊൽക്കത്തയിലെ 22 സിഖ് റെജിമെൻ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും യുവതിയും ഹോട്ടലിലേക്ക് മടങ്ങും വഴി ഒരു കൂട്ടം ആളുകൾ അവർക്ക് നേരെ നടത്തിയ അതിക്രമത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സംഭവത്തിൽ പരാതി നൽകാൻ ഭുവനേശ്വറിലെ ഭരത്പൂർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സൈനികനും യുവതിക്കും അതിനേക്കാൾ മോശം അനുഭവം നേരിട്ടത്.

മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളിൽ യുവതി ചുറ്റുമുള്ള ചിലർ തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചതായി പറയുന്നുണ്ട്. “സർ, ഞാൻ നിങ്ങളോടല്ല സംസാരിക്കുന്നത്, എന്നോട് മോശമായി പെരുമാറാൻ ശ്രമിക്കുന്നവരോടാണ് ഞാൻ സംസാരിക്കുന്നത്. അവരാണ്… ഇത് എൻ്റെ കാറാണ്, ഞാൻ എൻ്റെ കാലുകൾ കാണിക്കും, മുടി കാണിക്കും, അത് എൻ്റെ അവകാശമാണ്”- എന്നാണ് യുവതി പറയുന്നത്. കൂട്ടത്തിലെ ഒരാൾ ഇടപെട്ട് ‘എങ്കിൽ അത് ഞങ്ങളെ കാണിക്കരുത്’ എന്ന് പറയുന്നുണ്ട്.


തർക്കം രൂക്ഷമായതോടെ സൈനികൻ യുവതിയുടെ കൈകൾ പിടിച്ച് അവിടെ നിന്നും കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. ‘ഇത് ഡൽഹിയല്ല’ എന്ന് ആക്രോശിച്ച് അവരെ ആ സംഘം പിന്തുടർന്നു. പുരുഷന്മാർ സൈനികനെ തള്ളിയിടുകയും യുവതിയോട് കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്.തർക്കം തുടരുന്നതിനിടയിൽ സ്ത്രീയെ ‘ഇര കാർഡ്’ കളിക്കുന്നതായി ചുറ്റും കൂടിർ കുറ്റപ്പെടുത്തുകയും ‘അമിതവിശ്വാസം കാണിക്കരുത്’ എന്ന് അവളോട് പറയുകയും ചെയ്യുന്നു.


യുവതിയെ കാറിലേക്ക് കൊണ്ടുപോയി സംരക്ഷിക്കാൻ ശ്രമിക്കുന്ന സൈനികനെ ചുറ്റും കൂടി നിന്നവർ അസഭ്യം പറയുകയും അടിക്കുകയും ചെയ്യുന്നുണ്ട്. യുവതിയെ സൈനികൻ്റെ അരികിൽ നിന്നും പിടിച്ചു മാറ്റി കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പോലീസിൽ പരാതി നൽകാമെന്ന് പറഞ്ഞ് പറഞ്ഞ് ഉദ്യോഗസ്ഥനും യുവതിയും കാറിനടുത്തേക്ക് നടന്നുപോകുന്നതോടെ വീഡിയോ അവസാനിക്കുന്നു.

ഈ സംഭവത്തില്‍ പരാതി നല്‍കാന്‍ ഇരുവരും ഭരത്പൂർ പോലീസ് സ്‌റ്റേഷനിൽ എത്തി. എന്നാല്‍ സൈനികനെ മർദ്ദിച്ച ശേഷം ലോക്കപ്പില്‍ അടച്ചു. ഇതിനുശേഷമാണ് യുവതിയെ പോലീസുകാർ ലൈംഗികമായി പീഡിപ്പിച്ചത്. രണ്ട് വനിതാ ഉദ്യോഗസ്ഥർ യുവതിയുടെ കൈകൾ അവരുടെ ജാക്കറ്റ് ഉപയോഗിച്ച് കെട്ടിയ ശേഷം മറ്റൊരു മുറിയിലിട്ടായിരുന്നു പീഡനം. ഗുരുതരമായി പരുക്കേറ്റ യുവതി ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.


അതേസമയം യുവതിയും സൈനിക ഉദ്യോഗസ്ഥനും മദ്യപിച്ചെത്തി സ്റ്റേഷനിൽ അക്രമം നടത്തുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്. പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച ശേഷം സ്റ്റേഷനിലെ സാധനങ്ങൾ അടിച്ചു തകർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഈ കേസിൽ ജാമ്യത്തിൽ വിട്ടയച്ചശേഷമാണ് ഇരുവരും പീഡനവിവരം വെളിപ്പെടുത്തിയത്. സൈനികനെ മർദ്ദിക്കുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി മാധ്യമങ്ങളോട് പറയുകയായിരുന്നു. ഭരത്പൂർ പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top