ഭാരത് ജോഡോ രണ്ടാം ഘട്ടം; മണിപ്പൂര്‍ മുതല്‍ മുംബൈ വരെ സഞ്ചരിക്കാന്‍ രാഹുല്‍ ഗാന്ധി

ഡല്‍ഹി : ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം ജനുവരി 14ന് ആരംഭിക്കും. ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പൂരില്‍ നിന്ന് മുംബൈ വരെയാണ് യാത്ര. 14 സംസ്ഥാനങ്ങളിലൂടേയും 85 ജില്ലകളിലൂടേയും രാഹുല്‍ ഗാന്ധി സഞ്ചരിക്കും. 6200 കിലോമീറ്ററാണ് യാത്രയുടെ ദൂരം. ഭാരത് ജോഡോ യാത്രയിലേതു പോലെ പൂര്‍ണ്ണമായും പദയാത്രയല്ല ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. ബസിലാണ് രാഹുലും സംഘവും സഞ്ചരിക്കുക. ചിലയിടങ്ങളില്‍ മാത്രമാകും പദയാത്രയുണ്ടാവുക.

ജനുവരി 14ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ദേഘാടനം ചെയ്യും. മാര്‍ച്ച് 20ന് മുബൈയിലാകും യാത്ര സമാപിക്കുക. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായാണ് യാത്രയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയില്‍ പങ്കെടുപ്പിക്കുന്നതില്‍ ആലോചന നടക്കുന്നതായും വേണുഗോപാല്‍ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ ഗാന്ധിയുടെ യാത്ര കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചരണ പരിപാടിയായി മാറും. യാത്രയിക്കിടയില്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് ജോഡോ യാത്രയില്‍ തന്നെ രണ്ടാംഘട്ടം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നതാണ്. 150 ദിവസങ്ങള്‍ കൊണ്ട് 4500 കിലോമീറ്ററാണ് ഒന്നാം ഭാരത് ജോഡോ യാത്രയില്‍ രാഹുലും സംഘവും നടന്നത്. കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ജമ്മു കശ്മീരിലായിരുന്നു യാത്ര സമാപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top