ഭാരതിയമ്മയെ വീണ്ടും വേട്ടയാടി പോലീസ്, കേസ് പിൻവലിക്കാൻ ഭീഷണി
പാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്തു നാലു വർഷം പീഡിപ്പിച്ച ഭാരതിയമ്മക്ക് വീണ്ടും പോലീസിന്റെ ഭീഷണി. എസ്ഐയും വനിതാ പോലീസും ഉൾപ്പടെ നാലംഗ സംഘമാണ് കുനിശ്ശേരിയിലെ വീട്ടിലെത്തി 84 കാരിയെ ഭീഷണിപ്പെടുത്തിയത്. കേസിൽ പോലീസുകാർക്കെതിരെ പരാതിയില്ലെന്നും നഷ്ടപരിഹാരം ആവശ്യമില്ലെന്നും എഴുതി ഒപ്പിടാൻ നിർബന്ധിക്കുകയായിരുന്നു. സഹോദരനോട് ചോദിക്കാതെ ഒപ്പിടാൻ കഴിയില്ലെന്ന് പറഞ്ഞതോടെ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം എന്നു ഭീഷണിപ്പെടുത്തി. സംഭവത്തിൽ സഹോദരൻ കൊച്ചു കൃഷ്ണൻ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.
1998 ൽ പാലക്കാട് വെണ്ണക്കര സ്വദേശി രാജഗോപാൽ എന്ന ആളുടെ വീട്ടുജോലിക്കാരിയെ പറഞ്ഞു വിട്ടതിന്റെ അമർഷത്തിൽ വീട്ടിലെ ചെടിച്ചട്ടികളും ജനൽചില്ലുകളും തകർത്ത് അസഭ്യം പറഞ്ഞു എന്നതാണ് കേസ്. സംഭവത്തിൽ പാലക്കാട് സൗത്ത് പോലീസ് ഭാരതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. 2019 ലാണ് പോലീസ് ആളുമാറി ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുന്നത്. നാലു വർഷങ്ങൾക്കു ശേഷം പരാതിക്കാരൻ നേരിട്ടെത്തി ഇതല്ല പ്രതിയെന്നും കേസുമായി മുന്നോട്ട് പോകാനില്ലെന്നും അറിയിച്ചതോടെ കഴിഞ്ഞ മാസമാണ് ഭാരതിയമ്മയെ കോടതി വെറുതെവിട്ടത്.
നാലു വർഷത്തിനിടയ്‌ക്ക് മൂന്നും നാലും തവണ കോടതി കയറിയിറങ്ങിയെന്നു ഭാരതിയമ്മ പറയുന്നു. പ്രതിയുടെ പേര് ഭാരതിയമ്മ എന്നാണെന്നും ഒരേ വിലാസമാണെന്നുമാണ് പാലക്കാട് സൗത്ത് പോലീസിന്റെ വാദം. വൃദ്ധയെ അറസ്റ്റുചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാർ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ പോലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്തിരുന്നു. 2014ൽ ടൗൺ സൗത്ത് സ്‌റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് കുറ്റക്കാർ.അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചിട്ടുണ്ട്.
ഭാരതിയമ്മയുടെ വക്കീൽ കഴിഞ്ഞ ദിവസം ഈ പോലീസുകാരുടെ പേരുവിവരം ആവശ്യപ്പെട്ട് വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു. ഇതാവാം പോലീസുകാർ വീട്ടിലെത്തിഭീഷണിപ്പെടുത്താനുള്ള കാരണം. ഒറ്റയ്ക്ക് താമസിക്കുന്ന ഭാരതിയമ്മയ്ക്ക് പോലീസ് സംരക്ഷണം നൽകണമെന്നും കേസിൽ നീതി വൈകരുതെന്നും ആവശ്യപ്പെട്ടു സഹോദരൻ കൊച്ചു കൃഷ്ണനാണു പരാതി നൽകിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here