ഭാസ്കരക്കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം; ശിക്ഷായിളവ് നല്‍കിയത് മന്ത്രിസഭാ യോഗം
കേരളത്തെ നടുക്കിയ ഭാസ്കരക്കാരണവര്‍ വധക്കേസ് പ്രതി ഷെറിന് തടവില്‍ നിന്നും മോചനം. മന്ത്രിസഭാ യോഗമാണ് ഷെറിന് ശിക്ഷായിളവ് നല്‍കിയത്. പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് മോചനത്തിന് അനുമതി നല്‍കിയത്. കേസില്‍ ജീവപര്യന്തം തടവാണ് ലഭിച്ചത്.
2009 നവംബര്‍ ഏഴിനാണ് ഷെറിന്റെ ഭര്‍തൃപിതാവ് ഭാസ്കരക്കാരണവര്‍ ചെങ്ങന്നൂരെ സ്വന്തം വീട്ടില്‍വച്ച് വധിക്കപ്പെടുന്നത്. കേസില്‍ ഷെറിന് ആണ് ഒന്നാം പ്രതി. സുഹൃത്തുക്കളായ ബാസിത് അലി, ഷാനുറഷീദ്, നിഥിന് എന്നിവരാണ് കൂട്ടുപ്രതികള്‍. കേസില്‍ പോലീസ് ആദ്യം സംശയിച്ചത് ഷെറിനെ തന്നെയാണ്.
കേരളത്തിലെ ക്രൈം കേസുകളില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്നതാണ് ഭാസ്കരക്കാരണവര്‍ കൊലക്കേസ്. മോഷണത്തെത്തുടര്‍ന്നുണ്ടായ കൊലപാതകമെന്ന് കരുതിയ സംഭവമാണ് ആസൂത്രിതമായ വധത്തിലേക്ക് വിരല്‍ ചൂണ്ടിയത്. ഷെറിന്റെ ഫോണില്‍ നിന്നും ഒരു നമ്പരിലേക്ക് 55 കോളുകള്‍ പോയതായി കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കാണ് ഈ കോള്‍ പോയത്. കാരണവരുടെ കിടപ്പുമുറിയിലെ വിരല്‍ അടയാളം ബാസിത് അലിയുടേതാണെന്നും തെളിഞ്ഞു.
ശാരീരിക വെല്ലുവിളികളുള്ള കാരണവരുടെ ഇളയമകന് ബിനു പീറ്ററിന്റെ ഭാര്യയായിരുന്നു ഷെറിന്. ഷെറിന്റെ പ്രണയവും പകയും വഴിവിട്ടബന്ധങ്ങളുമൊക്കെയാണ് കാരണവരുടെ മരണത്തിന് കാരണമായത്. ഇത് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് ഷെറിനും പ്രതികളും പിടിയിലായത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here