സിനിമയില്‍ അധിക്ഷേപങ്ങളാണ് കേട്ടതെന്ന് ഭീമന്‍ രഘു; ‘മസിലുണ്ടെന്നേയുള്ളൂ, ഒരു കോമാളിയാണ്’ എന്ന രഞ്ജിത് പരിഹാസത്തിന് മറുപടി
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിൻ്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയില്ലെന്ന് നടൻ ഭീമന്‍ രഘു. സിനിമയില്‍ താൻ അധിക്ഷേപങ്ങൾ ഒരുപാട് അനുഭവിച്ചതാണ്. അതുകൊണ്ട് ഇപ്പോൾ ഇവയൊന്നും വലിയ കാര്യമായി തോന്നുന്നില്ലെന്ന് രഘു മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു.
“എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. രഞ്ജിത്തിനെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. മിടുക്കനാണ്, മിടുമിടുക്കനാണ്. എന്നാല്‍ എന്നെക്കുറിച്ച് എന്താണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍ എന്നറിയില്ല. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്.”-രഘു പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമൻ രഘുവിനെ പരാമർശിച്ച് രഞ്ജിത് സംസാരിച്ചത്.
സിനിമാ അവാർഡ് ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയം മുഴുവൻ സദസിൽ എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിച്ച രഘുവിൻ്റെ നടപടിയെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് രഞ്ജിതിൻ്റെ മറുപടി ഇങ്ങനെ: “രഘു എഴുന്നേറ്റ് നില്‍ക്കുന്ന ഭാഗത്തേയ്ക്കേ മുഖ്യമന്ത്രി നോക്കിയില്ലല്ലോ. രഘൂ നിങ്ങള്‍ ഇരിക്കൂ എന്ന് പറഞ്ഞാല്‍ രഘു ആളാകും. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. അവൻ പണ്ടേ സിനിമയിലൊരു കോമാളിയാണ്, മസിലുണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്രകാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാണ്. മണ്ടനാ; ഒരിക്കൽ നമ്മുടെയൊരു സുഹൃത്ത് രഘുവിനോട് പറഞ്ഞു, നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും എനിക്ക് കീഴ്പ്പെടുത്താൻ കഴിയില്ല… ശക്തികൊണ്ട് മനസിലായി, പക്ഷെ ബുദ്ധികൊണ്ട്…. രഘു സംശയം പ്രകടിപ്പിച്ചു. ബുദ്ധികൊണ്ട് ഞാനൊരു തമാശ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകണ്ടേ എന്ന് സുഹൃത്ത് തിരിച്ചടിച്ചു” (കുലുങ്ങിച്ചിരിക്കുന്നു).
ചലച്ചിത്ര അക്കാദമി ചെയർമാനെന്ന പദവിയിലിരുന്ന് നടത്തിയ പലവിധ പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ കുറച്ചുനാളുകളായി വിമർശനങ്ങളേറ്റ് വാങ്ങുകയാണ് രഞ്ജിത്. സിനിമാ അവാർഡ് ചടങ്ങിലെ വിചിത്ര പ്രകടനത്തിൻ്റെ പേരിൽ കണക്കില്ലാതെ ട്രോളുകളേറ്റ് വാങ്ങുകയായിരുന്നു ഭീമൻ രഘുവും. രഞ്ജിത് തിരക്കഥ എഴുതിയ ആറാം തമ്പുരാൻ അടക്കം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത താരമാണ് രഘു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here