50 ലക്ഷം കോടി നഷ്ടമെന്ന് റിപ്പോര്‍ട്ട് ; യുദ്ധകാലം ടെക് ഭീമൻമാർക്ക് കഷ്ടകാലം

ലണ്ടൻ: ടെക് ഭീമൻമാർക്ക് ജൂലായ് – സെപ്തംബർ മാസങ്ങളിൽ വൻ തിരിച്ചടി. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, സാംസങ്, ഒറാക്കിള്‍ ഉള്‍പ്പടെയുള്ള 25 ആഗോള ടെക് ഭീമന്മാര്‍ക്കാണ് ഈ കാലയളവിൽ വൻ നഷ്ടം നേരിട്ടത്. ഈ കമ്പനികൾക്ക് വിപണി മൂല്യത്തില്‍ നഷ്ടമായത് 50 ലക്ഷം കോടി രൂപയാണ്(600 ബില്യണ്‍ ഡോളര്‍). കടപ്പത്ര ആദായത്തിലെ വര്‍ധന, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയാണ് തിരിച്ചടിയായത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനലിറ്റിക്‌സ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഗ്ലോബല്‍ ഡാറ്റയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലും സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങളിലും ആപ്പിള്‍ ഉൽപന്നങ്ങള്‍ നിരോധിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ നിര്‍ദേശമാണ് ആപ്പിളിന് തിരിച്ചടിയായത്. തീരുമാനത്തില്‍നിന്ന് ചൈനീസ് സര്‍ക്കാര്‍ പിന്മാറിയെങ്കിലും തകർച്ചയിൽ നിന്നും കരകയറാൻ ആപ്പിളിനായില്ല. എന്നാൽ ചിപ് നിര്‍മാണ കമ്പനികളുടെ പ്രകടനം സമ്മിശ്രമായിരുന്നു. എസ്എംഎല്‍, അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്, ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ്, അപ്ലൈഡ് മെറ്റീരിയല്‍സ് തുടങ്ങിയ കമ്പനികളുടെ വിപണിമൂല്യം ഇടിഞ്ഞപ്പോള്‍ എന്‍വിഡിയ, ഇന്റല്‍ എന്നിവ ഓഹരി വിപണിയിൽ മുന്നേറി.

നിര്‍മ്മിത ബുദ്ധി(എഐ)യുമായി ബന്ധപ്പെട്ട ഡിമാന്റിനെ തുടര്‍ന്ന് 2023 ജൂണില്‍ വിപണിയിലുണ്ടായ മുന്നേറ്റം തുടരാന്‍ കഴിയാതിരുന്നതും ടെക് കമ്പനികളെ ബാധിച്ചു. അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധനവും വിപണിയെ ബാധിച്ചു. ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം മുലമുള്ള അസ്ഥിരമായ സാമ്പത്തിക സാഹചര്യം എന്നിവ അടുത്ത പാദത്തിലും( ഒക്ടോബര്‍ -ഡിസംബര്‍) തിരിച്ചടിയായേക്കാം എന്നാണ് വിലയിരുത്തലുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top