രണ്ടാമത്തെ സൂപ്പര്‍ ചലഞ്ചറും എത്തി; വര്‍ഷങ്ങള്‍ക്ക് ശേഷം ശ്വേത മേനോന്‍ ബിഗ് ബോസ് ഹൗസില്‍ തിരിച്ചെത്തി; ഇനി ആരെല്ലാമെന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ഒമ്പതാം വാരം കളറാക്കാന്‍ മുന്‍ സീസണിലെ മത്സരാര്‍ത്ഥികളെ ഇറക്കുകയാണ് ബിഗ് ബോസ്. ആദ്യ സീസണിലെ വിജയി സാബുമോന്‍ ഇന്നലെ സൂപ്പര്‍ ചലഞ്ചറായി ഹൗസില്‍ എത്തി. ഇന്നെത്തുന്നത് പ്രമുഖ നടി ശ്വേത മേനോന്‍ ആണ്. ശ്വേതയും സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഹോട്ടല്‍ ടാസ്‌കില്‍ ഗെയിം ചേഞ്ചുമായാണ് ശ്വേതയുടെ വരവെന്ന് പ്രമോയില്‍ നിന്ന് മനസിലാക്കാം. തനിക്ക് പവര്‍ റൂമില്‍ താമസിക്കണമെന്നാണ് ശ്വേത പറയുന്നത്.

ശ്വേതയ്ക്ക് മത്സരാര്‍ത്ഥികള്‍ പവര്‍ റൂമിന്റെ പ്രത്യേകതകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നുണ്ട്. മുറിയുടെ താക്കോല്‍ തന്റെ കൈവശമാണെന്നും ശ്വേത പറയുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ഡെന്‍ റൂം ആണ് താമസിക്കാനായി ശ്വേത തിരഞ്ഞെടുക്കുന്നത്. ആര്‍ക്കും തന്റെ മുറിയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നും സാധനങ്ങളൊന്നും തന്റെ മുറിവിട്ട് പുറത്തുപോകരുതെന്നും ശ്വേത മേനോന്‍ പറയുന്നുണ്ട്.

അതേസമയം ആദ്യ സൂപ്പര്‍ ചലഞ്ചറായി എത്തിയ സാബുമോന്‍ ബിഗ് ബോസ് ഹൗസ് ഇളക്കി മറിച്ചു തുടങ്ങി. സാബുമോന് താമസിക്കാന്‍ ശരണ്യ, അപ്‌സര, നന്ദന, സായ് എന്നിവരടങ്ങിയ ടണല്‍ റൂം സ്വന്തം മുറി നല്‍കി. അതിഥിക്കായി കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ചുമതലയായിരുന്നു ടണല്‍ ടീമിന് ഹോട്ടല്‍ ടാസ്‌കില്‍ ലഭിച്ചത്. ടണല്‍ ടീമിനോട് തനിക്കുവേണ്ടി ഒരു പ്രാങ്ക് അവതരിപ്പിക്കാമോയെന്ന് സാബു ചോദിച്ചു. ഒരു കാരണം ഉണ്ടാക്കി നോറയെ പ്രകോപിപ്പിക്കുക എന്നതായിരുന്നു ആശയം. അതിഥിക്ക് മുന്നില്‍ പാട്ടും ഡാന്‍സുമായി ടണല്‍ ടീം വെറുതെ ബഹളം വെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പവര്‍ ടീം അംഗമായ നോറ അനാവശ്യമായി ഇടപെട്ടെന്ന് ആരോപിച്ച് പ്രാങ്ക് ചെയ്യാനായിരുന്നു ആവശ്യം. ടണല്‍ ടീം സാബു ആവശ്യപ്പെട്ട കാര്യം ചെയ്തുകൊടുത്തു.

എന്നാല്‍ ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്നു പറയുന്നതു പോലെ ക്യാപ്റ്റനായ ഋഷിക്കാണ് പ്രാങ്ക് കൊണ്ടത്. പ്രാങ്കിനിടെ അപ്‌സരയെ ഋഷി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും അപ്‌സര നടത്തുന്നത് മുഴുവന്‍ അഭിനയമാണെന്നും ഋഷി പറഞ്ഞു. നിനക്ക് അഭിനയിക്കാന്‍ കഴിയാത്തത് എന്റെ കുഴപ്പമാണോ എന്ന് അപ്‌സര തിരിച്ചു ചോദിച്ചത് ഋഷിക്ക് കൊണ്ടു. താന്‍ വര്‍ഷങ്ങളായി അഭിനയരംഗത്തുള്ള ആളാണെന്നും അതിനെ അപമാനിക്കരുതെന്നും ഋഷി പറഞ്ഞു. പ്രാങ്ക് അവസാനം താന്‍ തന്നെ അവസാനിപ്പിക്കാമെന്ന് സാബു ആദ്യമേ ടണല്‍ ടീമിന് ഉറപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് സാബു അത് വന്ന് പറഞ്ഞെങ്കിലും ഋഷിക്ക് അത് സ്വീകാര്യമായില്ല. അപ്‌സര പറഞ്ഞത് തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നായിരുന്നു ഋഷിയുടെ പ്രതികരണം. എന്തായാലും ഇനി ആരെല്ലാം വരുമെന്നും എന്തെല്ലാം നടക്കുമെന്നും കാത്തിരുന്ന് കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top