രവിവര്‍മ്മൻ സുന്ദരിയായി ജാസ്മിന്‍, ജോക്കറിനെ പോലെ അര്‍ജുന്‍, ഐന്‍സ്റ്റീന്‍ ആയി ഋഷി; വേഷപ്പകര്‍ച്ചയില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അവസാനത്തെ ആഴ്ചയില്‍ നേരത്തെ എവിക്ട് ആയിപ്പോയ പഴയ മത്സരാര്‍ത്ഥികളും ഹൗസില്‍ എത്തിയിട്ടുണ്ട്. യുമന റാണി, ജാന്‍മണി ദാസ്, പൂജ, ശ്രീരേഖ എന്നിവരാണ് റീ എന്‍ട്രി ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും ടോപ് 6 മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് രസകരമായ ടാസ്‌കുകള്‍ നല്‍കുന്നുണ്ട്. ഇതിന്റെ വിധികര്‍ത്താക്കളാകട്ടെ തിരിച്ചെത്തിയ പഴയ മത്സരാര്‍ത്ഥികളും.
ഏറ്റവും ഒടുവില്‍ നല്‍കിയത് ഫാന്‍സി ഡ്രസ് ടാസ്‌ക് ആയിരുന്നു. ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരം ഓരോ മത്സരാര്‍ത്ഥികളും ഫാന്‍സി ഡ്രസ് മത്സരത്തിനായി ഓരോ വേഷങ്ങള്‍ തിരഞ്ഞെടുത്തു. ജാന്‍മണിയായിരുന്നു മത്സരാര്‍ത്ഥികളെ ഫാന്‍സി ഡ്രസ് മത്സരത്തിന് അണിയിച്ചൊരുക്കിയത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആയാണ് ഋഷി എത്തിയത്. അര്‍ജുന്‍ എത്തിയത് ജോക്കര്‍ ആയിയും അഭിഷേക് വോള്‍വറിന്‍ ആയും എത്തി. ഐന്‍സ്റ്റീനായി എത്തിയ ഋഷിക്ക് കയ്യടികള്‍ കിട്ടി. അര്‍ജുന്‍ ലുക്കില്‍ ജോക്കറായിരുന്നെങ്കിലും പ്രകടനത്തില്‍ തമാശ കൂട്ടിക്കുഴച്ചതിനാല്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അഭിഷേകിന്റെ പ്രകടനവും താരതമ്യേന പുറകോട്ടായിരുന്നു.
രവിവര്‍മ്മൻ ചിത്രത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു ജാസ്മിന്‍ എത്തിയത്. കൂട്ടത്തില്‍ ഏറ്റവും ഹിറ്റ് ആയതും ജാസ്മിന്റെ ലുക്ക് തന്നെ. സോഷ്യല്‍ മീഡിയയിലും ജാസ്മിന്റെ ലുക്കിന് വലിയ കയ്യടി കിട്ടുന്നുണ്ട്. ഹോളിവുഡ് കഥാപാത്രം ഹാര്‍ളി ക്വീന്‍ ആയിട്ടാണ് ശ്രീതു എത്തിയത്. രൂപത്തിലും ഭാവത്തിലും കഥാപാത്രമാകാന്‍ ശ്രീതുവിനായി. ഏറ്റവും ഒടുവില്‍ എത്തിയത് ജിന്റോ ആണ്. ഗുസ്തിക്കാരന്റെ ലുക്കിലെത്തിയ ജിന്റോയുടെ പ്രകടനത്തിനും കയ്യടി കിട്ടി.
എല്ലാവരുടെയും പ്രകടനം കഴിഞ്ഞ ശേഷം യമുന റാണി, ജാന്‍മണി, ശ്രീരേഖ, പൂജ തുടങ്ങിയവര്‍ വിജയികളെ പ്രഖ്യാപിച്ചു. ജാസ്മിന്‍, ശ്രീതു, ഋഷി എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here